മഴ പെയ്യാന്‍ ആണ്‍കുട്ടികള്‍ തമ്മില്‍ കല്ല്യാണം കഴിക്കണം..! വിചിത്ര ആചാരവുമായി ഒരു ഗ്രാമം
മാണ്ഡ്യ: ‘മഴ ദൈവങ്ങളെ പ്രീതിപ്പെടുത്താന്‍’ രണ്ട് ആണ്‍കുട്ടികളെ തമ്മില്‍ കല്ല്യാണം കഴിപ്പിച്ച് ഗ്രാമവാസികള്‍. കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയില്‍ കൃഷ്ണരാജ്പേട്ട് താലൂക്കിലെ ഗംഗേനഹള്ളി ഗ്രാമത്തിലാണ് വിചിത്ര സംഭവം. വെള്ളിയാഴ്ച രാത്രിയായിരുന്നു സ്വവര്‍ഗ വിവാഹം. വിവാഹച്ചടങ്ങിന്റെ ഭാഗമായി ഗ്രാമവാസികള്‍ക്ക് പ്രത്യേക സദ്യയും ഒരുക്കിയിരുന്നു. മഴദൈവങ്ങളെ പ്രീതിപ്പെടുത്തി പ്രദേശത്ത് മഴ പെയ്യാനായിരുന്നു ഇത്തരമൊരു വിചിത്ര ആചാരം. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് കാര്യമായ മഴ ലഭിച്ചിട്ടില്ല. അതിനാല്‍ ജനങ്ങള്‍ പഴയ ആചാരങ്ങള്‍ അവലംബിക്കുകയും ‘മഴ ദൈവങ്ങളെ പ്രീതിപ്പെടുത്താന്‍’ വിചിത്രമായ ആചാരങ്ങള്‍ പിന്തുടരുകയും ചെയ്യുന്നതായി പ്രദേശവാസികള്‍ പറഞ്ഞു. പരമ്പരാഗത വസ്ത്രം ധരിച്ചാണ് രണ്ട് ആണ്‍കുട്ടികള്‍ വധൂവരന്മാരായി വിവാഹത്തിനെത്തിയത്. ‘മഴ ദൈവങ്ങളെ പ്രീതിപ്പെടുത്തുന്നതിനും പ്രദേശത്ത് മഴ പെയ്യിക്കുന്നതിനുമുള്ള പ്രാര്‍ഥനാ ചടങ്ങിന്റെ ഭാഗമായാണ് ഇത് ചെയ്തത്. വിവാഹത്തിന് ശേഷം സദ്യയും ഏര്‍പ്പെടുത്തിയിരുന്നുവെന്ന് ഗ്രാമവാസികള്‍ വ്യക്തമാക്കി.