പാണത്തൂര്‍ സുള്ള്യ ബസ് സര്‍വ്വീസ് പുനരാരംഭിക്കും
കാസര്‍കോട്: കോവിഡ് കാലത്ത് നിര്‍ത്തലാക്കിയ പാണത്തൂര്‍ സുള്ള്യ ബസ് സര്‍വ്വീസുകളില്‍ ഒരെണ്ണം ഉടന്‍ പുനരാരംഭിക്കുമെന്ന് ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. മലയോരത്തെ പ്രദേശത്തെ യാത്ര പ്രശ്നം പരിഹരിക്കുന്നതിന്, നിര്‍ത്തലാക്കിയ മുഴുവന്‍ ബസ്സ് ട്രിപ്പുകളും പുനരാരംഭിക്കണമെന്ന് ഇ.ചന്ദ്രശേഖരന് എം.എല്‍.എ പറഞ്ഞു.
ജില്ലയില്‍ വിദ്യാലയങ്ങളുടെ പരിസരങ്ങളില്‍ ലഹരി ഉപയോഗം വര്‍ധിക്കുന്ന സാഹചര്യത്തില്‍ എക്സൈസ്, പോലീസ് വിഭാഗങ്ങള്‍ കൂടുതല്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും അതിര്‍ത്തി ജില്ലയായതിനാല്‍ ഈ വിഷയം വളരെ ഗൗരവത്തോടെ കാണണമെന്നും എം.എല്‍.എ പറഞ്ഞു.
കാസര്‍കോട് വികസന പാക്കേജില്‍ നിര്‍മ്മിച്ച കാഞ്ഞങ്ങാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെ കോര്‍ട്ട് പരിശോധിച്ച് റിപ്പോര്‍ട്ട് നല്കാന് സ്പോര്‍ട്സ് കൗണ്‍സിലിനോട് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു. കാഞ്ഞങ്ങാട് ഹെറിറ്റേജ് സ്ക്വയറില്‍ അനധികൃതമായി സ്ഥാപിച്ച ഭക്ഷണശാലകള്‍ പൊളിച്ചു നീക്കണം. ജൂണ്‍ 27ന് കാഞ്ഞങ്ങാട് നഗരസഭ സെക്രട്ടറി ഹിയറിങ് നടത്തും. ഡി.ടി.പി.സിയുമായുള്ള കരാര്‍ ലംഘിച്ചിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കുവാനും കളക്ടര്‍ നിര്‍ദ്ദേശം നല്കി.
ഭൂരഹിത ഭവന രഹിത പട്ടികവര്‍ഗ്ഗക്കാരുടെ അപേക്ഷകളില്‍ നടപടി സ്വീകരിക്കുന്നതിന് എം.എല്‍.എ ആവശ്യപ്പെട്ടു. പട്ടികവര്‍ഗ്ഗ പ്രൊമോട്ടര്‍മാര്‍ പുതിയ പട്ടിക തയ്യാറാക്കി തഹസില്‍ദാര്‍മാര്‍ക്ക് കൈമാറാനും പട്ടയ പ്രശ്നത്തില്‍ നടപടി സ്വീകരിച്ച് അറിയിക്കുവാനും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്കി. ഇതിനായി രണ്ടാഴ്ച്ചയ്ക്കകം യോഗം ചേരും.