തെരുവ് നായ പ്രശ്നത്തിന് പരിഹാരം കാണണമെന്ന് ജില്ലാ വികസന സമിതി യോഗം
കാസര്‍കോട്: ജില്ലയിലെ തെരുവ് നായയുടെ ശല്യം അനുദിനം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ പ്രശ്നത്തിന് പരിഹാരം കാണാന്‍ ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു. എ.ബി.സി കേന്ദ്രങ്ങള്‍ പ്രവര്‍ത്തന സജ്ജമാകുന്നതോടെ തെരുവ് നായ പ്രശ്നത്തിന് പരിഹാരമാകും. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാ വികസന സമിതി യോഗത്തില്‍ ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ അദ്ധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ എ.കെ.എം.അഷ്റഫ്, എന്‍.എ.നെല്ലിക്കുന്ന്, സി.എച്ച്.കുഞ്ഞമ്പു, ഇ.ചന്ദ്രശേഖരന്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന്, വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എ.എസ്.മായ, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
പരപ്പച്ചാല്‍ പാലത്തിന്റെ തകര്‍ന്ന കൈവരി ഒക്ടോബര്‍ 15നകം പുനസ്ഥാപിക്കുമെന്ന് പൊതുമരാമത്ത് പാലങ്ങള്‍ വിഭാഗം എക്സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. കോളിച്ചാല്‍-ചെറുപുഴ മലയോര ഹൈവേയില്‍ കാറ്റാം കവലയില്‍ കഴിഞ്ഞ കാലവര്‍ഷത്തില്‍ ഇടിഞ്ഞു പോയ ഭാഗം പുനര്‍ നിര്‍മ്മിക്കും. സുരക്ഷാ മുന്‍കരുതല്‍ സ്വീകരിച്ച് മഴയുടെ ശക്തി കുറയുന്നതോടെ പ്രവൃത്തി ആരംഭിക്കും. അപകടങ്ങള്‍ ഒഴിവാക്കാന്‍ താത്ക്കാലികമായി സംവിധാനങ്ങള്‍ ഒരുക്കുമെന്ന് കെ.ആര്.എഫ്.ബി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. പാലായി റെഗുലേറ്റര്‍ കം ബ്രിഡ്ജ് പ്രദേശത്ത് ഉപ്പുവെള്ളം കയറുന്നത് തടയുന്നതിന് പുഴയില്‍ നീരൊഴുക്ക് കൂടുന്ന സമയത്ത് ഷട്ടര്‍ പൂര്‍ണ്ണമായി ഉയര്‍ത്തി പ്രശ്നത്തിന് പരിഹാരം കാണുമെന്നും ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
മട്ടലായി കുന്ന് ക്ഷേത്രഭാഗങ്ങളില്‍ അനധികൃത മണ്ണ് ഖനനം നടത്തിയ സ്ഥലം റവന്യൂ, മൈനിങ് ജിയോളജി വിഭാഗങ്ങള്‍ സംയുക്ത പരിശോധന നടത്തിയതിന്റെ അടിസ്ഥാനത്തില്‍ സ്ഥലം ഉടമകള്‍ക്കെതിരെ തുടര്‍ നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് ജിയോളജിസ്റ്റ് അറിയിച്ചു.