തൊപ്പിയുടെ യൂ ട്യൂബ് ബ്ലോക്ക് ചെയ്തേക്കും, പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകും; കുറേക്കാലമായി അടുപ്പം പുലർത്തിയിരുന്നില്ലെന്ന് വീട്ടുകാർ
വളാഞ്ചേരി: കൂടുതൽ പരാതികൾ ഉയർന്ന സാഹചര്യത്തിൽ യൂ ട്യൂബർ തൊപ്പി എന്ന നിഹാദിന്റെ യൂ ട്യൂബ് അക്കൗണ്ട് ബ്ലോക്ക് ചെയ്യാൻ പൊലീസ് നടപടിയെടുക്കും. ഇതുമായി ബന്ധപ്പെട്ട് കോടതിയിൽ റിപ്പോർട്ട് നൽകും.
അതേസമയം, തൊപ്പിയുടെ മുറിയിൽ നിന്ന് കസ്റ്റഡിയിലെടുത്ത ഫോണുകൾ അടക്കമുള്ളവ പൊലീസ് വിശദമായി പരിശോധിച്ചു. മറ്റ് വകുപ്പുകൾ ചുമത്തേണ്ട തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് വിവരം. കണ്ണൂർ മാങ്ങാട്ടാണ് ഇയാളുടെ വീട്. കുറേക്കാലമായി വീട്ടുകാരുമായി നിഹാദ് വലിയ അടുപ്പം പുലർത്തിയിരുന്നില്ല. അതിനാൽത്തന്നെ കൂടുതലൊന്നും അറിയില്ലെന്നാണ് വീട്ടുകാരുടെ മറുപടി.നാട്ടുകാരിൽ ചിലർക്ക് ഇയാളുടെ ചെയ്തികളിൽ വിയോജിപ്പുണ്ട്.
എറണാകുളം എടത്തലയിലെ താമസസ്ഥലത്ത് നിന്ന് ഇന്നലെ പുലർച്ചെയാണ് വളാഞ്ചേരി പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഫ്ളാറ്റിന് പുറത്തെത്തി പൊലീസ് ആവശ്യപ്പെട്ടെങ്കിലും തയ്യാറാവാത്തതിനാൽ വാതിൽ ചവിട്ടിപ്പൊളിച്ചാണ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് വളാഞ്ചേരി പൊലീസ് സ്റ്റേഷനിലെത്തിച്ചു. പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.