എന്നെ ശിക്ഷിക്കാനുള്ള ഒരു തെളിവും പോലീസിന്റെ കയ്യിലില്ല, അറസ്റ്റിനെ കോടതിയില്‍ നേരിടും: കെ സുധാകരന്
കൊച്ചി: പുരാവസ്തു തട്ടിപ്പിലെ പണമിടപാടുമായി ബന്ധപ്പെട്ടുണ്ടായ അറസ്റ്റിനെ കോടതിയില്‍ നേരിടുമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്. തന്നെ ശിക്ഷിക്കാനുള്ള ഒരു തെളിവും അന്വേഷണസംഘത്തിന്റെ പക്കലില്ല. കോടതിയില്‍ പൂര്‍ണ വിശ്വാസമുണ്ട്. ആശങ്കയോ ഭയമോ ഇല്ല. തികഞ്ഞ ആത്മവിശ്വാസമുണ്ടെന്നും സുധാകരന് പറഞ്ഞു. എട്ട് മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷമായിരുന്നു ക്രൈംബ്രാഞ്ച് സുധാകരന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. എന്നാല്‍ മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ സുധാകരനെ ജാമ്യത്തില്‍ വിട്ടയച്ചു. ആവശ്യമെങ്കില്‍ വീണ്ടും വിളിപ്പിക്കുമെന്ന് അന്വേഷണസംഘം അറിയിച്ചു. അതേസമയം സുധാകരന്റെ അറസ്റ്റിനെതിരെ കരിദിനമാചരിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. ഇന്നും നാളെയും കേരളത്തിലുടനീളം പ്രതിഷേധം സംഘടിപ്പിക്കാനും കോണ്‍ഗ്രസ് തീരുമാനിച്ചു.