കഷ്ടത അനുഭവിക്കുന്ന പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ഭക്ഷ്യ സഹായ പദ്ധതി ആരംഭിച്ചു
കാസര്‍കോട് :കിടപ്പ് രോഗികളും നിരാലംബരും അഗതികളും മറ്റ് ശാരീരിക അവശതകളില്‍ കഷ്ടപ്പെടുന്നവരും മഴക്കാലത്ത് മറ്റ് പകര്‍ച്ച വ്യാധികളിലും മറ്റും ഭക്ഷ്യ ധാന്യത്തിന് ബുദ്ധിമുട്ട് നേരിടുന്നവരുമായ പട്ടിക വര്‍ഗ്ഗങ്ങള്‍ക്ക് ട്രൈബല്‍ ഡിപ്പാര്‍ട്ട്മെന്റ് മണ്‍സൂണ്‍ കാലത്ത് ഭക്ഷ്യ ധാന്യങ്ങള്‍ വിതരണം ചെയ്യുന്ന ഭക്ഷ്യ ധാന്യ പദ്ധതി (ജൂണ്‍ മുതല്‍ സെപ്തംബര്‍ മാസം വരെ) വെസ്റ്റ് എളേരി പഞ്ചായത്തില്‍ ആരംഭിച്ചു.
ഒരു കുടുംബത്തിന് പ്രതിമാസം 750 രൂപയുടെ ഭക്ഷ്യ ധാന്യം നല്കുന്നു. മഴക്കാലത്ത് ഊരുകളില്‍ കഴിയുന്നവര്‍ പട്ടിണിയിലാകില്ലെന്ന് ഉറപ്പുവരുത്തുന്ന പദ്ധതിയാണിത്. വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മോഹനന് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി.ഇസ്മായില്‍ അധ്യക്ഷത വഹിച്ചു. ക്ഷേമ കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് സി.വി.അഖില, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ.കെ.തങ്കച്ചന്, മെമ്പര്‍ ഓമന കുഞ്ഞിക്കണ്ണന് എന്നിവര്‍ സംസാരിച്ചു. ട്രൈബല്‍ ഓഫീസര്‍ കെ.ബാബു സ്വാഗതവും പ്രമോട്ടര്‍ സി.പി.രതീഷ് നന്ദിയും പറഞ്ഞു.