സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള പദ്ധതികള്‍; ബോധവത്ക്കരണം നടത്തി
കാസര്‍കോട്: ജില്ലയിലെ വിവിധ എസ്.ടി പ്രൊമോട്ടര്‍മാര്‍ക്ക് കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും വേണ്ടിയുള്ള കേരള സര്‍ക്കാരിന്റെ വനിത ശിശു വികസന വകുപ്പിനു കീഴിലുള്ള പദ്ധതികളെയും ആസൂത്രിത സേവന പരിപാടികളേയും കുറിച്ചുള്ള ബോധവല്‍ക്കരണ ക്ലാസ് നല്കി. ക്ലാസില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വനിത ശിശുവികസന വകുപ്പ് നല്കി വരുന്ന സേവനങ്ങള്‍, പദ്ധതികള്‍ എന്നിവയെക്കുറിച്ചും സമൂഹത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ എങ്ങിനെയൊക്കെ പരാതിപ്പെടാമെന്നും വനിത ശിശുവികസന വകുപ്പിന്റെ കീഴിലുള്ള ഗവണ്മെന്റ് ഹോമുകളെക്കുറിച്ചും ചര്‍ച്ച ചെയ്തു. സമൂഹത്തിലെ വിവിധ വിഭാഗങ്ങളിലേക്ക് സേവനങ്ങളെക്കുറിച്ചുള്ള അവബോധം എത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് പരിപാടി ആസൂത്രണം ചെയ്തത്. കേരള കേന്ദ്ര സര്‍വ്വകലാശാല സാമൂഹ്യ പ്രവര്‍ത്തനവിഭാഗം ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥികളായ അമല്‍ മോഹന്‍, ഷാരോണ്‍ തോമസ് എന്നിവര്‍ പരിപാടിയില്‍ നേതൃത്വം നല്കി.
കേരള കേന്ദ്ര സര്‍വ്വകലാശാല സാമൂഹ്യ പ്രവര്‍ത്തന വിഭാഗം, ജില്ല വനിത ശിശുവികസന വകുപ്പ്, ജില്ല പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ബോധവത്ക്കരണ ക്ലാസ് വനിത ശിശുവികസന വകുപ്പ് ഓഫീസര്‍ വി.എസ്.ഷിംന ഉദ്ഘാടനം ചെയ്തു. കേന്ദ്ര സര്‍വ്വകലാശാല സാമൂഹ്യപ്രവര്‍ത്തന വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.ജില്ലി ജോണ്‍ അധ്യക്ഷനായി. എസ്.ടി ഓഫീസര്‍ എം.മല്ലിക മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് വനിത ശിശുവികസന വകുപ്പ് കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍ സുന എസ് ചന്ദ്രന് വിവിധ പദ്ധതികള്‍ ഉള്‍ക്കൊള്ളിച്ചുള്ള ക്ലാസ്സെടുത്തു. കാര്‍ഷിക കോളേജ് പ്രൊഫസര്‍ ഡോ.ഷംന അഷറഫ്, കാസര്‍കോട് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ധനലക്ഷ്മി, നീലേശ്വരം ടി.ഇ.ഒ രാകേഷ്, എന്മകജെ ടി.ഇ.ഒ സുധാകരന്, കാസര്‍കോട് ഗവണ്മെന്റ്, പട്ടിക വര്‍ഗ്ഗ വകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കാസര്‍കോട് ഐ.ടി.ഐ പ്രതിനിധികള്‍ കോഴ്സുകളുടെ വിവരങ്ങള്‍ പങ്കുവെച്ചു.