പൊതു വിപണിയില്‍ പരിശോധന ശക്തമാക്കും; ജില്ലാ കളക്ടര്‍
കാസര്‍കോട്: പൊതു വിപണിയില്‍ പരിശോധന ശക്തമാക്കുമെന്ന് ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ പറഞ്ഞു. ജില്ലയിലെ പൊതു വിപണി മൊത്ത വ്യാപാരികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യാപാര സ്ഥാപനങ്ങളില്‍ പ്ലാസ്റ്റിക്ക് നിരോധനം കര്‍ശനമായി നടപ്പാക്കുമെന്നും കടകളില്‍ വില വിവര പട്ടിക പ്രദര്ശിപ്പിക്കമെന്നും കളക്ടര്‍ പറഞ്ഞു. പച്ചക്കറി കടകളില്‍ വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കുന്നില്ല എന്ന് പരാതിയുണ്ട്. സാധനങ്ങളുടെ ഗുണമേന്മയുടെ അടിസ്ഥാനത്തിലായിരിക്കണം വില നിശ്ചയിക്കേണ്ടത്. സാധനങ്ങളുടെ വില ക്രമാതീതമായി വര്‍ധിക്കാതെ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ കൃത്യമായി ശ്രദ്ധിക്കണമെന്നും അനധികൃതമായി പ്രവര്‍ത്തിക്കുന്ന വഴിയോര കച്ചവടങ്ങള്‍ നിരോധിക്കുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. വ്യാപാരികളുടെ പ്രശ്നങ്ങള്‍ കേട്ടശേഷം കളക്ടര്‍ ഉചിതമായ പരിഹാരങ്ങള്‍ നിര്‍ദ്ദേശിച്ചു.
പൊതു വിപണി മൊത്ത വ്യാപാരികളുടെ യോഗത്തില്‍ ജില്ലാ സപ്ലൈ ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ് കെ.പി.സജിമോന്‍, ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി കണ്ട്രോളര് പി.ശ്രീനിവാസ, കാസര്‍കോട് സപ്ലൈ ഓഫീസ് എ.ടി.എസ്.ഒ കൃഷ്ണ നായ്ക്, ലീഗല്‍ മെട്രോളജി പ്രതിനിധി ടി.വി.പവിത്രന്, ഹോസ്ദുര്‍ഗ്ഗ് താലൂക്ക് സപ്ലൈ ഓഫീസ് പ്രതിനിധി ഇമ്മാനുവല്‍ സെബാസ്റ്റ്യന്‍, വെള്ളരിക്കുണ്ട് സപ്ലൈ ഓഫീസ് എ.ടി.എസ്.ഒ എ.ദാക്ഷായണി, ജില്ലയിലെ 19 വ്യാപാരികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.