കത്തോ? വന്നിട്ടില്ലല്ലോ! പോസ്റ്റ്മാന്റെ പതിവ് മറുപടി; വീട്ടിലെത്തി നാട്ടുകാർ, ആധാറടക്കം കത്തുകളുടെ കൂമ്പാരം
പാലക്കാട്: അടുത്തിടെയായി തങ്ങള്‍ക്ക് കത്തും മറ്റ് തപാലുകളും ലഭിക്കുന്നില്ലെന്ന ജനങ്ങളുടെ പരാതിയെ തുടർന്ന് പോസ്റ്റുമാന്റെ വീട് പരിശോധിച്ചപ്പോൾ ഉദ്യോഗസ്ഥർ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച. വിതരണം ചെയ്യാത്ത കെട്ടുകണക്കിന് തപാൽ ഉരുപ്പടികൾ പോസ്റ്റൽ അധികൃതർ കണ്ടെടുത്തു. അയിലൂർ പോസ്റ്റ് ഓഫീസിനു കീഴിലുള്ള കയറാടി സബ് പോസ്റ്റ് ഓഫീസിലെ ഇ ഡി പോസ്റ്റുമാൻ സി കണ്ടമുത്തനാണ് തപാലുകൾ വിതരണം ചെയ്യാതെ വീട്ടിൽ സൂക്ഷിച്ചത്. അടിപ്പെരണ്ട, പയ്യാംങ്കോട്, കാന്തളം, പറയമ്പളം, കയറാടി, വീഴ്ലി തുടങ്ങിയ പ്രദേശങ്ങളിലുള്ളവരുടെ തപാലുകളാണ് വിതരണം ചെയ്യാതെ ഇയാള്‍ വീട്ടിൽ സൂക്ഷിച്ചത്. പിഎസ് സി അഡ്വൈസ് മെമ്മോ അടക്കം സുപ്രധാന തപാലുകളാണ് പോസ്റ്റുമാൻ വിതരണം ചെയ്യാതെ വീട്ടിൽ കൂട്ടിയിട്ടത്.
കോട്ടയം മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനത്തിനുള്ള പിഎസ്സിയുടെ തിരുവനന്തപുരം ഓഫീസിൽ നിന്ന് അയച്ച അഡ്വൈസ് മെമ്മോ ലഭിക്കാത്തതിനെ തുടർന്ന് അന്വേഷണത്തിലാണ് തപാൽ ഉരുപ്പടികൾ വിതരണം ചെയ്യാതെ പോസ്റ്റ്മാൻ വീട്ടിൽ സൂക്ഷിച്ചത് കണ്ടെത്തിയത്. തിരുവനന്തപുരം വികാസ് ഭവനിൽ ജോലിചെയ്യുന്ന അയിലൂർ പറയൻപള്ളം സ്വദേശിനി എംജി യൂണിവേഴ്സിറ്റി അസിസ്റ്റന്റ് തസ്തികയിൽ റാങ്ക് ലിസ്റ്റിൽ ഉള്‍പ്പെട്ടിരുന്നു. തന്നെക്കാൾ റാങ്ക് കുറഞ്ഞവർക്കും അഡ്വൈസ് മെമ്മോ ലഭിച്ചിട്ട് ആഴ്ചകൾ കഴിഞ്ഞിട്ടും തനിക്ക് അഡ്വൈസ് മെമ്മോ കിട്ടാതായപ്പോള്‍ യുവതി ആരംഭിച്ച അന്വേഷണമാണ് സംഭവം പുറത്തറിയാൻ കാരണമായത്.
നിരവധിതവണ പി എസ് സി അഡ്വൈസ് മെമ്മോയെ കുറിച്ച് അന്വേഷിച്ചിട്ടും അത്തരമൊരു കത്ത് വന്നിട്ടില്ലെന്നാണ് പോസ്റ്റുമാൻ പറഞ്ഞത്. തുടരെയുള്ള അന്വേഷണത്തിനൊടുവിൽ പോസ്റ്റുമാൻ തന്റെ വീട്ടിൽ വിതരണം ചെയ്യാതെ സൂക്ഷിച്ച കത്തുകളിൽ നോക്കാമെന്ന് പറഞ്ഞ് വീട്ടിൽ ചെന്ന് നോക്കിയപ്പോഴാണ് അതിൽ നിന്ന് പരാതിക്കാരിക്കുള്ള പി എസ് സി യുടെ അഡ്വൈസ് മെമ്മോ കണ്ടെത്തിയത്. മെയ് 20ന് തിരുവനന്തപുരത്തുനിന്ന് അയച്ച അഡ്വൈസ് മെമ്മോയാണ് വിതരണം ചെയ്യാതെ പോസ്റ്റ്മാൻ ആഴ്ചകളോളം സൂക്ഷിച്ചത്. തപാലുരുപ്പടികൾ വിതരണം ചെയ്യാതെ പോസ്റ്റുമാൻ വീട്ടിൽ സൂക്ഷിച്ചതറിഞ്ഞതോടെ നിരവധി പേർ കയറാടി പോസ്റ്റ് ഓഫീസിൽ എത്തി പരാതിപ്പെട്ടു.
കൂടുതൽ പേർ പരാതിയുമായി എത്തി പോസ്റ്റ് ഓഫീസിനു മുന്നിൽ തടിച്ചു കൂടിയതോടെ പോസ്റ്റുമാൻ കണ്ടമുത്തൻ വീട്ടിലേക്ക് ഭാര്യയെ ഫോണിൽ വിളിച്ച് ചാക്കുകെട്ടുകൾ മാറ്റിവയ്ക്കാൻ പറഞ്ഞതു. ഇത് കേട്ട് പോസ്റ്റ് ഓഫീസിനു മുന്നിലുള്ളവർ ബഹളം വച്ചതോടെ കയറാടി സബ് പോസ്റ്റ് മാസ്റ്റർ പാലക്കാട് പോസ്റ്റൽ സൂപ്രണ്ടിനെ വിവരമറിയിക്കുകയും അന്വേഷണത്തിനായി പോസ്റ്റൽ സൂപ്രണ്ട് ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം നടത്തുകയുമായിരുന്നു. തുടർന്ന് പ്രദേശവാസികളുടെ നിർബന്ധത്തിനു വഴങ്ങി പോസ്റ്റുമാന്റെ വീട്ടിൽ നിന്ന് അന്വേഷണ ഉദ്യോഗസ്ഥർ കെട്ടുകണക്കിന് തപാൽ ഉരുപ്പടികൾ ചാക്കിലും കവറുകളിലുമായി സൂക്ഷിച്ചത് വീണ്ടെടുത്തു.
പോസ്റ്റുമാന്റെ വീട്ടിൽ നിന്നും ലഭിച്ചവയിൽ ആധാർ കാർഡുകൾ, ചെക്ക് ബുക്ക്, പാൻ കാർഡ്, ബാങ്ക് എടിഎം കാർഡുകൾ, രജിസ്റ്റേഡ് കത്തുകൾ, മാസികകൾ, വാരികകൾ വരെ ഉൾപ്പെടും. പുതുക്കിയ ആധാറുകൾ ലഭിച്ചില്ലെന്ന് അന്വേഷണത്തിലാണ് നൂറോളം വിതരണം ചെയ്യാത്ത ആധാർ കാർഡുകൾ പോസ്റ്റ്മാനിൽ നിന്ന് കണ്ടെടുത്തത്. മേൽവിലാസക്കാർക്ക് വിതരണം ചെയ്യാത്ത കെട്ടുകണക്കിന് തപാലിലൂടെ വരുന്ന മാസികകളും വാരികകളും പോസ്റ്റുമാന്റെ വീട്ടിൽ നിന്നും കണ്ടെടുത്തു. പാലക്കാട് പോസ്റ്റൽ സൂപ്രണ്ട് അന്വേഷണം നടത്തി നടപടികൾ സ്വീകരിക്കാൻ ഉത്തരവായി.
ഇതിന്റെ അടിസ്ഥാനത്തിൽ പോസ്റ്റ്മാൻ കണ്ടമുത്തനെ താൽക്കാലികമായി ജോലിയിൽ നിന്നും മാറ്റിനിർത്തിയതായി അസി പോസ്റ്റല്‍ സൂപ്രണ്ട് എന്‍ ഉണ്ണികൃഷ്ണന് അറിയിച്ചു. വിതരണം ചെയ്യാതെ കണ്ടെത്തിയ തപാൽ ഉരുപ്പടികൾ പോസ്റ്റ് ഓഫീസിൽ നിന്ന് നേരിട്ട് വിതരണം ചെയ്തു. വിവരമറിഞ്ഞതോടെ കയറാടി പോസ്റ്റ് ഓഫീസിൽ ആധാർ കാർഡ് മുതൽ വിവിധ തപാൽ ഉരുപ്പടികൾ ലഭിക്കാത്തവരുടെ തിരക്കായിരുന്നു. പോസ്റ്റ്മാൻ വീട്ടിൽ സൂക്ഷിച്ച തപാൽ ഉരുപ്പടികൾ വിതരണം ചെയ്യാൻ രണ്ട് ജീവനക്കാരെ അധികമായി കയറാടി പോസ്റ്റ് ഓഫീസിലേക്ക് നിയമിച്ച് വിതരണം പൂർത്തിയാക്കാൻ പാലക്കാട് പോസ്റ്റൽ സൂപ്രണ്ട് നിർദേശിച്ചു.