തൊടുപുഴ: വീടിന് അകത്ത് കയറി ഒന്നര വയസുള്ള കുഞ്ഞിനെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ച നാടോടി സ്ത്രീയെ പോലീസ് പിടികൂടി. തൊടുപുഴയില്‍ ആണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. ഇടവെട്ടി വലിയജാരം നീലിയാനിയ്ക്കല്‍ മുജീബിന്റെ ഒന്നരവയസുള്ള പെണ്‍കുഞ്ഞിനെയാണ് ഇന്നലെ ഉച്ചയോടെ പര്‍ദ ധരിച്ച് എത്തിയ സ്ത്രീ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചത്.
സംഭവത്തില്‍ ആന്ധ്ര ചിറ്റൂര്‍ കോട്ടൂര്‍ സ്വദേശി ഷമിം ബീവി എന്ന അറുപത് വയസു കാരിയെയാണ് പോലീസ് പിടികൂടിയത്. കുട്ടിയെ കുളിപ്പിച്ച് ഹാളിലിരുത്തിയ ശേഷം മുത്തശ്ശി മുറിക്കുള്ളിലേക്ക് പോയ സമയം പര്‍ദ്ദ ധരിച്ചെത്തിയ സ്ത്രീ ഹാളില്‍ കയറി കുട്ടിയെ എടുത്ത് പുറത്തേക്ക് പോവുകയായിരുന്നു. ഈ സമയം ഹാളില്‍ തിരികെ എത്തിയ മുത്തശ്ശി കുട്ടിയെ കാണാതെ വന്നതോടെ പുറത്ത് ഇറങ്ങി നോക്കിയപ്പോള്‍ കുട്ടിയെ തോളില്‍ ഇട്ട് പോകാന്‍ ശ്രമിക്കുന്ന സ്ത്രീയെ ആണ് കണ്ടത്. ഇതോടെ മുത്തശ്ശി പിന്നാലെയോടി സ്ത്രീയുടെ പര്‍ദ്ദയില്‍ പിടിച്ച് വലിക്കുകയും ബഹളം വയ്ക്കുകയും ചെയ്തു. ഇതോടെ രക്ഷപെടാന്‍ വേണ്ടി കുട്ടിയെ മുറ്റത്ത് കിടന്ന കാറിന്റെ ബോണറ്റിലേക്ക് വലിച്ചെറിയുകയായിരുന്നു.
ഇതോടെ മുത്തശ്ശി പര്‍ദയില്‍ നിന്ന് പിടി വിട്ട് കുട്ടിയെ എടുക്കുന്നതിനിടെ ഈ സ്ത്രീ അവിടെ നിന്നും കടന്നു കളഞ്ഞു. മുത്തശ്ശി നാട്ടുകാരോട് സംഭവം വിവരിച്ചു. തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ മാര്‍ത്തോമ ഭാഗത്തെ ഒരു വീട്ടില്‍ കയറി ഭിക്ഷാടനം നടത്തുന്നതിനിടെ ഇവര്‍ പിടിയിലായി. മുഖത്തും ഇടതു ചെവിക്കും പരിക്കേറ്റ കുട്ടിയെ കാരിക്കോട് ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്കി. കുട്ടിയുടെ പിതാവ് പ്രവാസിയും മാതാവ് എറണാകുളത്തെ സ്വകാര്യ ഐ.ടി കമ്ബനിയിലെ ജീവനക്കാരിയുമാണ്.