വീട് കുത്തിത്തുറന്ന് വൻ കവർച; 60 പവനും പണവും നഷ്ടപ്പെട്ടു
മഞ്ചേശ്വരം: മഞ്ചേശ്വരത്ത് വൻ കവർച. വീട് കുത്തിത്തുറന്ന് 60 പവൻ സ്വർണവും 1.25 ലക്ഷം രൂപയും കവർന്നു. മഞ്ചേശ്വരം രാഗം ജൻക്ഷനിൽ കുന്നിൽ ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന ഹമീദ് തങ്ങളുടെ വീട്ടിലാണ് മോഷണം നടന്നത്.
ഹമീദ് തങ്ങളും കുടുംബവും തീർഥാടനത്തിന് പോയ സമയത്താണ് കവർച നടന്നത്. ഒരാഴ്ചത്തെ തീർഥാടന യാത്രകൾ കഴിഞ്ഞ് വ്യാഴാഴ്ച വൈകീട്ട് തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ അടുക്കള ഭാഗത്തെ വാതിൽ കുത്തിത്തുറന്ന നിലയിൽ കണ്ടെത്തിയത്.
തുടർന്ന് പരിശോധിച്ചപ്പോഴാണ് വീട്ടിനകത്ത് തന്നെയുള്ള ഹമീദ് തങ്ങളുടെ ഓഫീസ് മുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളും പണവും നഷ്ടപ്പെട്ടതായി വ്യക്തമായത്. ശേഷം മഞ്ചേശ്വരം പൊലീസിൽ പരാതി നൽകുകയായിരുന്നു. വീട്ടിലെ കിടപ്പ് മുറികളുടെ വാതിലുകൾ മോഷ്ടാക്കൾ തുറന്ന നിലയിലായിരുന്നുവെന്ന് വീട്ടുകാർ പറയുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.