ഒളിവിലായിരുന്ന വിദ്യയെ കുടുക്കിയത് സുഹൃത്തിനൊപ്പമുള്ള സെൽഫി; പുറത്ത് നടക്കുന്ന വിവരങ്ങളറിഞ്ഞിരുന്നത് കൂട്ടുകാരിയിലൂടെ
പാലക്കാട്: വ്യാജരേഖ കേസിൽ അറസ്റ്റിലായ മുൻ എസ്എഫ്ഐ നേതാവ് കെ വിദ്യയെ കുടുക്കിയത് സെൽഫി. കൂട്ടുകാരിക്കൊപ്പമുള്ള സെൽഫിയിലൂടെയാണ് വിദ്യ ഒളിവിലായിരുന്ന സ്ഥലം പൊലീസ് കണ്ടെത്തിയത്. ഒളിവിൽ കഴിഞ്ഞിരുന്ന വിദ്യ വിവരങ്ങൾ അറിഞ്ഞിരുന്നത് സുഹൃത്തിന്റെ ഫോണിലൂടെയായിരുന്നു.
ഈ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്. കൂട്ടുകാരിയുടെ ഫോണിൽ നിന്നാണ് വിദ്യക്കൊപ്പമുള്ള സെൽഫി കണ്ടെത്തിയത്. സെൽഫിയെടുത്തത് നാല് ദിവസം മുമ്പാണെന്നും കണ്ടെത്തി. ഒളിവിൽ കഴിയാൻ സഹായിച്ചവർക്കെതിരെ നിലവിൽ കേസെടുക്കേണ്ട സാഹചര്യമില്ലെന്ന് അഗളി പൊലീസ് പറഞ്ഞു. രണ്ട് ദിവസത്തെ കസ്റ്റഡിയാണ് അന്വേഷണ സംഘത്തിന് കോടതി അനുവദിച്ചിട്ടുള്ളത്.
അതേസമയം, വിദ്യയുടെ തെളിവെടുപ്പ് ഇന്ന് നടത്തും. തെളിവെടുപ്പിന്റെ ഭാഗമായി അട്ടപ്പാടി സർക്കാർ കോളേജ് പ്രിൻസിപ്പൽ ഇന്ന് അഗളി പൊലീസ് സ്റ്റേഷനിലെത്തും. വിദ്യ തന്നെയാണ് അഭിമുഖത്തിന് എത്തിയതെന്ന് പ്രിൻസിപ്പൽ തിരിച്ചറിയേണ്ടതുണ്ട്. തനിക്കെതിരെ നടന്നത് അട്ടപ്പാടി കോളേജ് പ്രിൻസിപ്പൽ കൂടി അറിഞ്ഞുള്ള ഗൂഢാലോചനയാണെന്നാണ് വിദ്യ പൊലീസിന് നൽകിയ മൊഴിയിൽ പറഞ്ഞിരിക്കുന്നത്.
ഇന്നലെ കോടതിയില്‍ ഹാജരാക്കിയ വിദ്യയെ ജൂലായ് ആറുവരെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ചോദ്യം ചെയ്യലിനായി പൊലീസ് കസ്റ്റഡിയില്‍ വിട്ട വിദ്യയെ നാളെ വീണ്ടും കോടതിയില്‍ ഹാജരാക്കും. ശനിയാഴ്ചയാണ് വിദ്യയുടെ ജാമ്യാപേക്ഷ മണ്ണാര്‍ക്കാട് കോടതി പരിഗണിക്കുന്നത്.