വീട്ടിന്റെ വാതിൽ ചവിട്ടിപ്പൊളിച്ച് തൊപ്പിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്; ലെെവിലൂടെ രൂക്ഷവിമർശനം നടത്തി നിഹാൽ
കൊച്ചി: ‘തൊപ്പി’ എന്ന പേരിൽ അറിയപ്പെടുന്ന യൂട്യൂബർ മുഹമ്മദ് നിഹാലിനെ (26) വളാഞ്ചേരി പൊലീസ് കസ്റ്റഡിയിൽ എടുത്തു. മലപ്പുറത്തെ വളാഞ്ചേരിയിലെ കട ഉദ്ഘാടന പരിപാടിൽ തെറിപ്പാട്ട് പാടിയതിനും ഗതാഗതം തടസപ്പെടുത്തിയതിനും ഇയാൾക്കെതിരെ ഇന്നലെ പൊലീസ് കേസെടുത്തിരുന്നു. എറണാകുളത്തെ സുഹൃത്തിന്റെ വീട്ടിലെ വാതിൽ ചവിട്ടിപ്പൊളിച്ചാണ് പൊലീസ് നിഹാലിനെ കസ്റ്റഡിയിൽ എടുത്തത്. ഇതിന്റെ വീഡിയോ ‘mrz thoppi’ എന്ന യൂട്യൂബ് ചാനലിൽ തൊപ്പി ലെെവ് ഇട്ടിരുന്നു.
പൊലീസുകാർ മുറി തുറക്കാൻ ശ്രമിച്ചെങ്കിലും അകത്ത് നിന്ന് വാതിൽ ലോക്കായിരുന്നു. വാതിൽ തുറക്കാൻ കഴിയാത്തത് കൊണ്ട് നിഹാൽ താക്കോൽ വാതിന്റെ താഴ് ഭാഗത്തുകൂടി പൊലീസിന് നൽകി. അവർക്കും താക്കോൽ ഉപയോഗിച്ച് വാതിൽ തുറക്കാൻ സാധിക്കാതെ വന്നതോടെയാണ് ചവിട്ടിപ്പൊളിച്ചത്. മുറിയ്ക്ക് പുറത്ത് നിഹാൽ ഇറങ്ങുന്നത് വരെയുള്ള ദൃശ്യങ്ങൾ വീഡിയോയിൽ ഉണ്ട്. ഇവിടെയുള്ള രാഷ്ട്രീയക്കേസുകൾ ഒളിപ്പിക്കാനും വാർത്ത ഉണ്ടാക്കാനുവേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നതെന്ന് നിഹാൽ വീഡിയോയിൽ ആരോപിച്ചു. നാളെ പൊലീസ് സ്റ്റേഷനിൽ ഹാജരാകാമെന്ന് അറിയിച്ചതാണെന്നും ഇയാൾ പറയുന്നു. നിഹാലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വളാഞ്ചേരി കോടതിയിൽ ഹാജരാക്കും. ഹാർഡ് ഡിസ്ക്, ലാപ്ടോപ്പ്, രണ്ട് മൊബെെൽ ഫോണുകൾ എന്നിവ പൊലീസ് പിടിച്ചെടുത്തു.
വളാഞ്ചേരി പെെങ്കണ്ണൂർ പാണ്ടികശാല സ്വദേശിയും സന്നദ്ധപ്രവർത്തകനുമായ സെയ്ഫുദ്ദീൻ പാടത്തിന്റെ പരാതിയിലാണ് പൊലീസിന്റെ നടപടി. ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതം തടസപ്പെടുത്തി, ഉച്ചത്തിൽ തെറിപ്പാട്ട് പാടി തുടങ്ങിയ കാര്യങ്ങൾ ഉന്നയിച്ചാണ് ഇദ്ദേഹം പൊലീസിൽ പരാതി നൽകിയത്. ഈ മാസം 17ന് നടന്ന ഉദ്ഘാടന പരിപാടിയിൽ വിദ്യാർത്ഥികൾ ഉൾപ്പെടെ നൂറു കണക്കിന് കൗമാരക്കാർ ഉണ്ടായിരുന്നത്. ആറ് ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സ് ആണ് തൊപ്പിക്ക് യൂട്യൂബിലുള്ളത്.