ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ പരിശീലനം നല്‍കും; വനിതാ കമ്മീഷന്
കാസര്‍കോട് : പഞ്ചായത്ത്, വാര്‍ഡ് തലത്തില്‍ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനായി ജാഗ്രതാ സമിതി അംഗങ്ങള്‍ക്കും അനുബന്ധ പ്രവര്‍ത്തകര്‍ക്കും പരിശീലനം നല്‍കുമെന്ന് വനിതാ കമ്മീഷന് അംഗം അഡ്വ.പി. കുഞ്ഞയിഷ പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിങ്ങിന് ശേഷം മ സംസാരിക്കുകയായിരുന്നു അവര്‍. സ്ത്രീകള്‍ നേരിടുന്ന വിവിധങ്ങളായ പ്രശ്നങ്ങള്‍ തുടക്കത്തില്‍ തന്നെ കണ്ടെത്തി പരിഹരിച്ച് അപകടങ്ങള്‍ ഒഴിവാക്കുന്നതിന് ജാഗ്രതാ സമിതികള്‍ ശക്തിപ്പെടേണ്ടത് അനിവാര്യമാണ്. ഇതിനായാണ് വാര്‍ഡ്, പഞ്ചായത്ത് തല ജാഗ്രതാ സമിതി അംഗങ്ങള്‍ക്കും ജനപ്രതിനിധികള്‍ക്കും ആശ പ്രവര്‍ത്തകര്‍ക്കും അംഗണ്‍വാടി ജീവനക്കാര്‍ക്കും ഉള്‍പ്പടെ പഞ്ചായത്ത് അടിസ്ഥാനത്തില്‍ പരിശീലനം നല്‍കുന്നത്.
കൗമാരം കരുത്താക്കൂ എന്ന സന്ദേശത്തോടെ ‘കലാലയ ജ്യോതി’ ബോധവത്ക്കരണ പരിപാടി ജില്ലയിലെ വിദ്യാലയങ്ങളിലും കലാലയങ്ങളിലും മികച്ച രീതിയില്‍ നടന്നു വരികയാണ്. 18 വിദ്യാലയങ്ങളില്‍ സംഘടിപ്പിച്ച് മികച്ച പ്രതികരണങ്ങള്‍ ലഭിച്ചു. പോക്സോ, സൈബര്‍ ക്രൈം, ലഹരി തുടങ്ങിയ വിഷയങ്ങളില്‍ ആണ് കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അധ്യാപകരുടെ സാന്നിധ്യത്തിലാണ് ബോധവത്ക്കരണം നല്‍കിയത്. അടുത്ത വര്‍ഷം ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളിലും ബോധവത്ക്കരണ പരിപാടി സംഘടിപ്പിക്കുമെന്ന് വനിതാ കമ്മീഷന് അംഗം അറിയിച്ചു.
29 പരാതികള്‍ പരിഗണിച്ചു നാലെണ്ണം തീര്‍പ്പാക്കി
കേരള വനിതാകമ്മീഷന് കാസര്‍കോട് കളക്ടറേറ്റില്‍ നടത്തിയ സിറ്റിങ്ങില്‍ 29 പരാതികളാണ് പരിഗണിച്ചത്. നാലെണ്ണം തീര്‍പ്പാക്കി. ഒരെണ്ണം പോലീസ് റിപ്പോര്‍ട്ട് തേടി. 25 എണ്ണം അടുത്ത സിറ്റിങ്ങിലേക്ക് മാറ്റിവെച്ചു. ജില്ലയില്‍ പൊതുവെ പരാതികള്‍ കുറവാണ്. സമീപകാലത്ത് കൂടുതല്‍ കേസുകള്‍ കമ്മീഷന് മുന്നിലേക്ക് വരുന്നുണ്ടെന്ന് വനിതാ കമ്മീഷന് അംഗം അഡ്വ.പി. കുഞ്ഞയിഷ പറഞ്ഞു. കമ്മീഷന് മുന്നിലെത്തിയ പരാതികളില്‍ നാലെണ്ണം വിവാഹേതര ബന്ധങ്ങള്‍ സംബന്ധിച്ചതാണ്.അപവാദ പ്രചരണം, അതിര്‍ത്തി തര്‍ക്കം തുടങ്ങി വിവിധവിഷയങ്ങള്‍ ചര്‍ച്ചയായി. വനിതാ സെല്‍ സി.ഐ വി. സീത, സി. സുജാത, അഡ്വ. പി. സിന്ധു, ഫാമിലി കൗണ്‍സിലര്‍ എസ്. രമ്യമോള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.