നിഖിൽ തോമസ് പാർട്ടിയോട് ചെയ്തത് കൊടും ചതി; സഹായിച്ചവർക്കെതിരെയും നടപടിയെന്ന് സി പി എം
ആലപ്പുഴ: വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് വിവാദത്തിൽ നിഖിൽ തോമസിനെ തള്ളി സി പി എം. നിഖിൽ തോമസ് പാർട്ടിയോട് ചെയ്തത് വലിയ ചതിയാണെന്ന് കായംകുളം ഏരിയ സെക്രട്ടറി പി അരവിന്ദാക്ഷൻ പറഞ്ഞു. യുവാവിനെതിരെ അന്വേഷണമുണ്ടോകുമെന്നും ഇയാളെ ഏതെങ്കിലും പാർട്ടി പ്രവർത്തകർ ബോധപൂർവം സഹായിച്ചിട്ടുണ്ടെങ്കിൽ അവർക്കെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, കലിംഗ യൂണിവേഴ്സിറ്റി നിഖിൽ തോമസിനെതിരെ പരാതി നൽകാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇതിനുവേണ്ടി വിലാസമടക്കമുള്ള രേഖകൾ സർവകലാശാല ലീഗൽ സെൽ ശേഖരിക്കുന്നുണ്ട്.എസ് എഫ് ഐ നേതാവായ നിഖിൽ കായംകുളം എം.എസ്.എം കോളേജിൽ വ്യാജ ബിരുദം കാട്ടി എം കോമിന് പ്രവേശനം നേടിയതിന്റെ തെളിവുകൾ പുറത്തുവന്നതോടെ സർക്കാരും പാർട്ടിയും പൊതുസമൂഹത്തിന് മുന്നിൽ നാണം കെട്ടിരിക്കുകയാണ്. സിൻഡിക്കേറ്റംഗമായ ആലപ്പുഴയിലെ സി പി എം നേതാവാണ് നിഖിലിന് പ്രവേശനം നൽകാൻ കോളേജിൽ ശുപാർശ ചെയ്തതെന്നാണ് വിവരം. ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ കെ എച്ച് ബാബുരാജിനെതിരെയാണ് കെ എസ് യുവിന്റെ ആരോപണം.
മുൻ എസ് എഫ് ഐ നേതാവ് വിദ്യയുടെ വ്യാജ യോഗ്യതാ സർട്ടിഫിക്കറ്റ് വിവാദത്തിന് പിന്നാലെയാണ് നിഖിലിന്റെ വ്യാജ ബിരുദവും പുറത്തുവന്നിരിക്കുന്നത്. നിഖിലിന്റേത് വ്യാജ സർട്ടിഫിക്കറ്റല്ലെന്നും പരീക്ഷയെഴുതി പാസായതാണെന്നും എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ ഇന്നലെ രാവിലെ പറഞ്ഞിരുന്നു. എന്നാൽ കേരള സർവകലാശാലയിൽ 75% ഹാജരുള്ളയാൾ അതേ കാലത്ത് എങ്ങനെ കലിംഗയിൽ കോഴ്സ് പഠിച്ച് വിജയിച്ചെന്നും വ്യാജസർട്ടിഫിക്കറ്റാണോയെന്ന് പരിശോധിക്കുമെന്നും കേരള യൂണിവേഴ്സിറ്റി വി സി ഡോ മോഹനൻ കുന്നുമ്മൽ തുറന്നടിച്ചതോടെ എസ് എഫ് ഐ വാദം പൊളിയുകയായിരുന്നു.