തിരുവനന്തപുരം: പാലാരിവട്ടം മേൽപ്പാലം പണിയാൻ കരാറുകാർക്ക് മുൻകൂർ പണം നൽകാൻ അന്നത്തെ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം കുഞ്ഞും ഒപ്പിട്ടതിന്റെ രേഖകൾ പുറത്ത്. പണം നൽകിയത് ഉദ്യോഗസ്ഥതല തീരുമാനമാണെന്ന ഇബ്രാഹിം കുഞ്ഞിന്റെ വാദം ഇതോടെ പൊളിഞ്ഞു. ഇതിലടക്കം വ്യക്തത തേടിയാണ് മുൻമന്ത്രിയെ വിജിലൻസ് ശനിയാഴ്ച ചോദ്യം ചെയ്യുന്നത്.
ഇന്ന് രാവിലെ തിരുവനന്തപുരത്ത് പൂജപ്പുരയിലെ വിജിലൻസ് പ്രത്യേക സെൽ ആസ്ഥാനത്ത് ഹാജരാകാൻ അന്വേഷണസംഘം നോട്ടീസ് നൽകി. ചോദ്യം ചെയ്യലോടെ അന്വേഷണം നിർണായകഘട്ടത്തിലേക്ക് കടക്കും. അറസ്റ്റുണ്ടാകുമോ എന്ന പരിഭ്രാന്തിയിലാണ് യുഡിഎഫ് കേന്ദ്രങ്ങൾ.
തെളിവുകളുടെ അടിസ്ഥാനത്തിൽ വിശദമായ ചോദ്യാവലി തയ്യാറാക്കി. വിജിലൻസ് എസ്പി വിനോദ്കുമാറിന്റെ നേതൃത്വത്തിലാണ് ചോദ്യംചെയ്യൽ. നേരത്തേ രണ്ടുവട്ടം വിജിലൻസ് ഇബ്രാഹിം കുഞ്ഞിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. കരാർ കമ്പനിക്ക് പണം മുൻകൂർ അനുവദിച്ചത് അടക്കമുള്ളവയിൽ തൃപ്തികരമായി മറുപടി നൽകാൻ ഇബ്രാഹിം കുഞ്ഞിനായില്ല. തുടർന്നാണ് വീണ്ടും ചോദ്യം ചെയ്യാൻ സർക്കാർ മുഖേന ഗവർണറുടെ അനുമതി തേടിയത്.
തെളിവുകൾ നിരത്തിയുള്ള ചോദ്യങ്ങൾക്ക് തൃപ്തികരമായ മറുപടി നൽകിയില്ലെങ്കിൽ അറസ്റ്റുണ്ടായേക്കും. എംഎൽഎ എന്ന നിലയ്ക്ക് ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്താൽ വിവരം നിയമസഭാ സ്പീക്കറെ അറിയിച്ചാൽ മതിയാകും. അറസ്റ്റ് ചെയ്യേണ്ടിവരികയാണെങ്കിൽ അതിന് മറ്റ് തടസ്സങ്ങളില്ലെന്ന് വിജിലൻസ് വൃത്തങ്ങൾ അറിയിച്ചു.
പാലം നിർമാണത്തിന് മുൻകൂർ പണം നൽകില്ലെന്ന വ്യവസ്ഥ നിലനിൽക്കെയാണ് റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷന് (ആർബിഡിസികെ) കരാറുകാരൻ പണം ചോദിച്ച് അപേക്ഷ നൽകിയത്. ആർബിഡിസികെയിൽനിന്ന് 2014 ജൂൺ 30ന് ലഭിച്ച അപേക്ഷ പിറ്റേന്ന് ജൂലൈ ഒന്നിനുതന്നെ അണ്ടർ സെക്രട്ടറി എം ബി ലതാകുമാരി ഒപ്പിട്ട് അഡീഷണൽ സെക്രട്ടറിക്കും ഡെപ്യൂട്ടി സെക്രട്ടറിക്കും കൈമാറി.
പണം കൊടുക്കാമെന്ന നോട്ട് കുറിച്ച് അന്നുതന്നെ അവർ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജിന് അപേക്ഷ കൈമാറി. സൂരജ് ഒപ്പിട്ട അപേക്ഷ നേരേ പോയത് ഇബ്രാഹിംകുഞ്ഞിന്റെ കൈയിലേക്ക്. ജൂലൈ പത്തിന് അദ്ദേഹം കെആർഎഫ്ബിയിൽനിന്ന് മുൻകൂർ പണം അനുവദിക്കാൻ നിർദേശിച്ച് അപേക്ഷയിൽ ഒപ്പുവച്ചു. തുടർന്ന് 8,25,59,768 രൂപ അനുവദിച്ച് ജൂലൈ 15ന് ഉത്തരവും ( GO(MS)57/14/PWD) ഇറങ്ങി.
കരാറുകാരൻ കത്ത് നൽകിയ ആർബിഡിസികെയുടെയും പണമനുവദിച്ച കെആർഎഫ്ബിയുടെയും ചെയർമാൻ വി കെ ഇബ്രാഹിംകുഞ്ഞ് തന്നെയായിരുന്നു.