ഭക്ഷണ പാനീയ നിര്‍മ്മാണ വിതരണ കേന്ദ്രങ്ങളില്‍ കൃത്യമായ പരിശോധനകള്‍ നടത്തണം ; ബാലാവകാശ കമ്മീഷന്
കാസര്‍കോട് :സംസ്ഥാനത്ത് മിഠായി അടക്കമുളള ഭക്ഷ്യവസ്തുക്കള്‍ ശീതള പാനീയങ്ങള്‍, പാകം ചെയ്യുന്നതും വിതരണം നടത്തുന്നതുമായ മുഴുവന്‍ സ്ഥാപനങ്ങളിലും കൃത്യമായ ഇടവേളകളില്‍ പരിശോധനകള്‍ നടത്താന്‍ ബാലാവകാശ കമ്മീഷന് ഉത്തരവായി. ഇത്തരം സ്ഥാപനങ്ങളില്‍ ശുചിത്വം പാലിക്കുകയും ഉപയോഗിക്കുന്നതും ഉത്പാദിപ്പിക്കുന്നതുമായ സാധനങ്ങള്‍ക്ക് ഗുണനിലവാരം ഉറപ്പുവരുത്തുകയും വേണം. ബഹുവര്‍ണ്ണ കടലാസുകളിലും, പ്ലാസ്റ്റിക് പായ്ക്കറ്റുകളിലും പൊതിഞ്ഞ് വില്‍ക്കുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം, നിര്‍മ്മാണ കമ്പനിയുടെ വിലാസം, കാലാവധി സംബന്ധിച്ച വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തണം. അതിന് വിമുഖത കാണിക്കുന്ന നിര്‍മ്മാണ കമ്പനികള്‍ക്കെതിരെയും വിതരണവും, വില്പനയും നടത്തുന്നവര്‍ക്കെതിരെയും നിയമ നടപടിസ്വീകരിക്കണം. ലൈസന്‍സ് ഇല്ലാതെ ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, ശീതളപാനീയ വിതരണ കേന്ദ്രങ്ങള്‍, കഫേകള്‍ എന്നിവ പ്രവര്‍ത്തിക്കു ന്നില്ലെന്നും മുഴുവന്‍ സ്ഥാപനങ്ങളിലെ ജീവനക്കാരും ആരോഗ്യ കാര്‍ഡുകള്‍ എടുത്തിട്ടുണ്ടെന്ന് ഉറപ്പുവരുത്താനും ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ക്ക് ബാലാവകാശ കമ്മീഷന് നിര്‍ദ്ദേശം നല്കി. കമ്മീഷന് ചെയര്‍പേഴ്സണ്‍ കെ.വി.മനോജ് കുമാര്‍, അംഗം പി.പി.ശ്യാമളാദേവി എന്നിവരടങ്ങിയ ഡിവിഷന് ബഞ്ചിന്റെതാണ് ഉത്തരവ്. കാസര്‍കോട് ഷവര്‍മ്മ കഴിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു, മിഠായിപൊതിയില് മധുരച്ചതി എന്നീ മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കമ്മീഷന് സ്വമേധയാ നടപടി സ്വീകരിക്കുകയായിരുന്നു. ഇതു സംബന്ധിച്ച് സ്വീകരിച്ച നടപടി റിപ്പോര്‍ട്ട് 30 ദിവസത്തിനകം കമ്മീഷന് ലഭ്യമാക്കാനും നിര്‍ദ്ദേശം നല്കി.