വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ്: നിഖില്‍ തോമസിന് സസ്പെന്ഷന്, നിയമനടപടി സ്വീകരിക്കുമെന്ന് എം.എസ്.എം കോളേജ്
ആലപ്പുഴ: വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതില്‍ എസ്എഫ്ഐ നേതാവ് നിഖില്‍ തോമസിനെ എം.എസ്എം കോളേജില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. കോളേജ് കൗണ്‍സിലിന്റേതാണ് തീരുമാനം. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ആറംഗ സമിതിയെ നിയോഗിച്ചു, അന്വേഷണ കമ്മീഷന് രണ്ടു ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണം. നിഖിലിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പ്രിന്‍സിപ്പല്‍ ഡോ. മുഹമ്മദ് താഹ പറഞ്ഞു. ‘അന്ന് സംശയം തോന്നിയിരുന്നില്ല. അതുകൊണ്ടാണ് അഡ്മിഷന് നല്‍കിയത്. കേളേജിന്റെ ഭാഗത്ത് തെറ്റില്ല. സര്‍വകലാശാല സര്‍ട്ടിഫിക്കറ്റില്‍ അപാകത ആദ്യം കണ്ടെത്തിയിരുന്നില്ല’- പ്രിന്‍സിപ്പല്‍ പറഞ്ഞു. അധ്യാപകര്‍ക്കെതിരെയും നടപടി വേണമെന്ന യോഗത്തില്‍ വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അധ്യാപകര്‍ക്കെതിരായ നടപടി അന്വേഷിച്ചതിനു ശേഷം മാത്രമേ സാധിക്കുമെന്ന് കോളേജ് അധികാരികള്‍ മറുപടി നല്കി കായംകുളം എംഎസ്എം കോളേജില്‍ പിജി പ്രവേശനത്തിന് എസ് എഫ് ഐ നേതാവ് നിഖില്‍ തോമസ് ഹാജരാക്കിയ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നായിരുന്നു ആരോപണം. സംഭവം വിവാദമായതോടെയാണ് എസ്എഫ്ഐ നേതൃത്വത്തിന് മുന്നില്‍ നിഖില്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയത്. നിഖിലിന്റെത് വ്യാജ സര്‍ട്ടിഫിക്കറ്റ് അല്ല എന്നും കലിംഗയില്‍ റെഗുലര്‍ കോഴ്സ് പഠിച്ചാണ് സര്‍ട്ടിഫിക്കറ്റ് നേടിയതെന്നും അത് ഒറിജിനല്‍ ആണെന്നും എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റെ പിഎം ആര്‍ഷോ പറഞ്ഞത്. എന്നാല്‍ കേരള സര്‍വകലാശാല വിസി തന്നെ നിഖില്‍ തോമസിന്റേത് വ്യാജ ഡിഗ്രിയാണെന്ന പ്രാഥമിക നിഗമനം പങ്കുവെച്ചത്. തൊട്ടുപിന്നാലെ നിഖില്‍ തോമസ് എന്ന വിദ്യാര്‍ത്ഥി കലിംഗ സര്‍വകലാശാലയില്‍ പഠിച്ചില്ലെന്ന് രജിസ്ട്രാന്‍ സന്ദീപ് ഗാന്ധി പറഞ്ഞു.