കൊച്ചി: പൊലീസ് അഴിമതി ചൂണ്ടിക്കാട്ടുന്ന സിഎജി റിപ്പോര്‍ട്ടിനെതിരെ നിലപാട് കടുപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍. സിഎജി റിപ്പോര്‍ട്ട് ചോര്‍ന്നത് ഗൂഢാലോചനയാണെന്ന് ആവര്‍ത്തിച്ച് ആരോപിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ രംഗത്തെത്തി. സിഎജി റിപ്പോര്‍ട്ട് പുറത്ത് വരും മുൻപാണ് പിടി തോമസ് അഴിമതി ആരോപണം നിയമസഭയിൽ ഉന്നയിച്ചത്. അതേ വിവരങ്ങൾ അടുത്ത ദിവസം വന്ന സിഎജി റിപ്പോര്‍ട്ടിലും അതേപടി വന്നത് സംശയത്തിന് ഇടയാക്കുന്നുണ്ട്.
ഏതോ കേന്ദ്രത്തിൽ ഗൂഢാലോചന നടന്നു എന്ന് സര്‍ക്കാര്‍ ന്യായമായും സംശയിക്കുന്നുണ്ടെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു, മാത്രമല്ല ഒരു പ്രത്യേക കാലയളവിലെ കാര്യങ്ങൾ മാത്രം റിപ്പോര്‍ട്ടിൽ ഉൾപ്പെടുത്തിയതും സംശയത്തിന് ഇടയാക്കുന്നുണ്ട്, ഒരു ഡിജിപിയെ മാത്രം പ്രതിക്കൂട്ടിൽ നിര്‍ത്തുന്നതും യുഡിഎഫ് കാലത്ത് നടന്ന അഴിമതിയെ കുറിച്ച് പരാമര്‍ശിക്കാതെ വിട്ടതുമെല്ലാം ഗൂഢാലോചനയുടെ തെളിവാണെന്നും സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നു.
സിഎജി റിപ്പോര്‍ട്ടിനെ രാഷ്ട്രീയമായി പ്രതിരോധിക്കേണ്ട കാര്യമില്ലെന്ന് സര്‍ക്കാരും സിപിഎമ്മും നിലപാട് എടുത്തതിന് പിന്നാലെയാണ് ചീഫ് സെക്രട്ടറി ടോംജോസ് സിഎജിക്കെതിരെ വാര്‍ത്താ കുറിപ്പ് ഇറക്കിയത്. ചീഫ് സെക്രട്ടറിയുടെ നിലപാട് സര്‍ക്കാര്‍ നിലപാട് തന്നെയാണെന്നും കടകംപള്ളി സുരേന്ദ്രൻ കൊച്ചിയിൽ വ്യക്തമാക്കി.
അതേസമയം സിഎജി പുറത്ത് കൊണ്ട് വന്ന അഴിമതി വിവരങ്ങളെ കുറിച്ച് പ്രതികരിക്കാതെ റിപ്പോര്‍ട്ട് പുറത്തായതിലെ ചട്ടവിരുദ്ധത മാത്രം ചര്‍ച്ചയാക്കി മുന്നോട്ട് പോകാനാണ് സര്‍ക്കാര്‍ തീരുമാനമെന്ന് കൂടി വ്യക്തമാക്കുന്നതാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രതികരണമെന്നും വ്യക്തമാണ്. അതേസമയം സിഎജി റിപ്പോര്‍ട്ടിനെ കുറിച്ച് പ്രതികരിക്കാൻ ഇന്നും മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറായില്ല.