ഉറവിട മാലിന്യസംസ്കരണത്തിന് സമഗ്രപദ്ധതി ആവിഷ്കരിക്കണം: എസ് എസ് എഫ്
കാസര്‍കോട് : കേരളത്തിന്റെ പരിസ്ഥിതി പശ്ചാത്തലവും കാലാവസ്ഥയും പരിഗണിച്ചു കൊണ്ട് ഉറവിടമാലിന്യ സംസ്കരണത്തിന് ഊന്നല്‍ നല്‍കിയുള്ള സമഗ്രപദ്ധതി തയ്യാറാക്കി നടപ്പില്‍ വരുത്താന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്ന് എസ് എസ് എഫ് കേരള ജനറല്‍ സെക്രട്ടറി സി ആര് കെ മുഹമ്മദ് ആവശ്യപ്പെട്ടു. ആലപ്പുഴ ടൗണ്‍ സ്ക്വയറില്‍ നടന്ന ഗ്രീന്‍ കേരള സമ്മിറ്റില്‍ സമാപനസന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. മാലിന്യസംസ്കരണം വ്യക്തിപരമായ ഉത്തരവാദിത്തം കൂടിയാണെന്ന ബോധത്തെ ശക്തിപ്പെടുത്തുന്ന വിദ്യാഭ്യാസവും പൊതുജനാവബോധവും പദ്ധതിയുടെ ഭാഗമാകണം. മാലിന്യദുരന്തങ്ങള് വര്‍ധിച്ചേക്കാവുന്ന സാഹചര്യത്തെ ചെറുക്കാന്‍ ശാസ്ത്രീയവും പൊതുജനപിന്തുണയുമുള്ള ശ്രമങ്ങള്‍ പ്രധാനമാണ്. എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് ടി.കെ ഫിര്‍ദൗസ് സുറൈജി സഖാഫി അധ്യക്ഷത വഹിച്ചു. വേസ്റ്റ് മാനേജ്മെന്റ്: കരിയര്‍, സംരംഭകത്വം വിഷയത്തില്‍ നടന്ന ചര്‍ച്ചകള്‍ക്ക് ഡോ. സി എന്‍ മനോജ്, സകറിയ ജോയ്, താജുദ്ദീന് അബൂബക്കര്‍ നേതൃത്വം നല്കി. വിദ്യാര്‍ത്ഥികള്‍ പാനലുമായി സംവദിച്ചു. സാഹിത്യത്തിലെ പരിസ്ഥിതി എന്ന വിഷയത്തില്‍ പി സുരേന്ദ്രന് പ്രഭാഷണം നടത്തി. മാലിന്യനിര്‍മാര്‍ജനം ആഗോള അനുഭവങ്ങളെ കാണാതെ പോകുന്ന കേരളം എന്ന വിഷയം ഷിബു കെ എന്‍ അവതരിപ്പിച്ചു. മാലിന്യം: ആരോഗ്യ അടിയന്തിരാവസ്ഥയുടെ വര്‍ത്തമാനം എന്ന വിഷയത്തില്‍ ഡോ. എസ് അഭിലാഷ്, എം ബി ജയഘോഷ് എന്നിവരുടെ നേതൃത്വത്തില്‍ ചര്‍ച്ച നടന്നു.വിദ്യാര്‍ത്ഥി കവികള്‍ പരിസ്ഥിതി കവിതകള്‍ ആലപിച്ചു. കെ. വൈ നിസാമുദ്ദീന്‍ ഫാളിലി, മുഹമ്മദ് ഇല്യാസ് സഖാഫി തുടങ്ങിയവര്‍ സംസാരിച്ചു.