വായനാദിനത്തില്‍ വായന മുറി ഒരുക്കി പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ
കാസര്‍കോട്: വായനാദിനത്തില്‍ വായനാമുറിയൊരുക്കി ജി എഫ് എച്ച് എസ് എസ് ബേക്കലിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ.23 വര്‍ഷം മുന്‍പ് സ്കൂളിന്റെ പടിയിറങ്ങിയ എസ്എസ്എല്‍സി ബാച്ചിലെ വൈ. ടു.കെ. എന്ന് പേരിട്ട കൂട്ടായ്മയാണ് വിസ്ഡം പോയിന്റ് എന്ന പേരില്‍ വായനാമുറി ഒരുക്കിയത്.നവീന സൗകര്യങ്ങളോടെ വായനയെ പരിപോഷിപ്പിക്കാനാണ് വിദ്യാര്‍ത്ഥി കൂട്ടായ്മ ഈ ഉദ്യമം ഏറ്റെടുത്തത്. മുപ്പത് കുട്ടികള്‍ക്ക് ഒരേ സമയം ഇരുന്ന് വായിക്കാനും റഫറന്സിനുമുള്ള സൗകര്യവും ഹാളില്‍ ഏര്‍പ്പാട് ചെയ്തിട്ടുണ്ട്. സാഹിത്യകാരന്മാരുടെ ചിത്രങ്ങളും ഉദ്ധരണികളും ചുമര് കമനീയമാക്കിയിട്ടുണ്ട്. ആധുനിക സജ്ജികരണങ്ങളോടെയുള്ള ഒരു കോണ്‍ഫറന്‍സ് ഹാളായും ഇതിനെ ഉപയോഗിക്കാന്‍ കഴിയുമെന്ന് കൂട്ടായ്മയിലെ പ്രവര്‍ത്തകര്‍ പറയുന്നു. ഒന്നര ലക്ഷത്തോളം രൂപ ചെലവിട്ടാണ് വായനാമുറി ഒരുക്കിയത്. സ്കൂള്‍ നിര്‍മിക്കാന്‍ പറ്റിറ്റാണ്ടുകള് മുന്‍പ് സൗജന്യമായി സ്ഥലം നല്കിയ ഡോ. ഗോപാല്‍ റാവുവിന്റെ സ്മരണയ്ക്കായി തയ്യാറാക്കിയ വായനാമുറി മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ വി. വി. പ്രഭാകരന് ഉദ്ഘാടനം ചെയ്തു. വായനയിലൂടെ മാത്രമെ മനുഷ്യനെ സംസ്ക്കാര സമ്പന്നമാക്കാന്‍ സാധിക്കുകയുളളുവെന്നും പുത്തന്‍ തലമുറയിലെ കുട്ടികള്‍ക്ക് വിവരമുണ്ടെങ്കിലും അറിവ് ലഭിക്കുന്നില്ലെന്നും ഇതിന് വായനകൊണ്ട് മാത്രമെ സാധിക്കുകയുളളുവെന്നും അദ്ദേഹം പറഞ്ഞു. സ്കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രസ്ഥാനികന് സുനീഷ് പൂജാരി ലൈബ്രറി ഹാളിന്റെ താക്കോല്‍ സ്കൂള്‍ പ്രിന്‍സിപ്പളിന് കൈമാറി. ചടങ്ങില്‍ സ്കൂള്‍ പിടിഎ പ്രസിഡന്റ് വി. പ്രഭാകരന് അധ്യക്ഷനായി. ലൈബ്രറിയിലേക്കുള്ള ബുക്ക് ചാലഞ്ച് രവീന്ദ്രന് പാടി ഉദ്ഘാടനം ചെയ്തു. അദ്ദേഹം രചിച്ച പുസ്തകങ്ങള്‍ സ്കൂള്‍ ലൈബ്രറിയിലേക്ക് നല്കി.പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ കുട്ടികളെ ഉപഹാരം നല്കി അനുമോദിച്ചു. ലൈബ്രറി ഹാളില്‍ സാഹിത്യകാരന്മാരുടെ മനോഹര ചിത്രങ്ങള്‍ വരച്ച സകൂള്‍ പൂര്‍വ വിദ്യാര്‍ത്ഥികൂടിയായ കലാകാരന് ധീരജ് കുന്നുമ്മലിനെ ആദരിച്ചു. പ്രിന്‍സിപ്പല്‍ ജെ. ബി. നിഷ, എസ്എംസി ചെയര്മാന് കെ.വി ശ്രീധരന്, വിദ്യാലയ വികസന സമിതി വര്‍ക്കിങ്ങ് ചെയര്മാന് കെ.ജി. അച്ചുതന്, വൈ ടു കെ ബാച്ചിന്റെ പ്രതിനിധികളായ സുധില്‍ കുമാര്‍, ഇബ്രാഹിം കാപ്പില്‍, സീനിയര്‍ അസിസ്റ്റന്റ് എം. അനിത എന്നിവര്‍ പ്രസംഗിച്ചു. വായനാ പക്ഷാചാരണത്തിന്റെ ഭാഗമായി വിവിധ പരിപാടികള്‍ സ്കൂളില്‍ നടക്കും.