പേരിനെങ്കിലും ഒരു ആഭ്യന്തര മന്ത്രിയില്ലേ? ഗോവിന്ദൻ ആഭ്യന്തരമന്ത്രിയും സൂപ്പർ ഡിജിപിയും ചമയുന്നു: സതീശൻ
തിരുവനന്തപുരം∙ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് ആഭ്യന്തര മന്ത്രിയും സൂപ്പര്‍ ഡിജിപിയും ചമയുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. ഗോവിന്ദന് ചെയ്തത് ക്രിമിനല്‍ കുറ്റമാണെന്നും രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാൻ എന്തു മാര്‍ഗവും സ്വീകരിക്കുമെന്നതിനു തെളിവാണ് ഗോവിന്ദന്റെ വാക്കുകളെന്നും സതീശന് ആരോപിച്ചു. ദേശാഭിമാനിക്കും എം.വി. ഗോവിന്ദനുമെതിരെ കേസെടുക്കണമെന്നും സതീശന് ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ്, എം.വി.ഗോവിന്ദനെതിരെ സതീശൻ കടുത്ത വിമർശനം ഉന്നയിച്ചത്.
‘‘മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട പോക്സോ കേസിൽ, പീഡനം നടക്കുന്ന സമയത്ത് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ അവിടെയുണ്ടായിരുന്നതായി പെൺകുട്ടി മൊഴി നൽകിയെന്ന് ദേശാഭിമാനി വാർത്ത നൽകിയിരുന്നു. ഇന്നലെ ഉച്ചയ്ക്കു നടത്തിയ വാർത്താ സമ്മേളനത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഈ ആരോപണം ആവർത്തിച്ചു. ഇങ്ങനെയൊരു മൊഴിയുള്ളതായി ക്രൈംബ്രാഞ്ചിൽനിന്ന് അദ്ദേഹത്തിന് വിവരം കിട്ടിയെന്നും പറഞ്ഞു. പേരിനെങ്കിലും ഒരു ആഭ്യന്തര മന്ത്രി ഇവിടെയുള്ളപ്പോൾ, ഗോവിന്ദൻ ആഭ്യന്തര മന്ത്രിയും സൂപ്പർ ഡിജിപിയും ചമയുകയാണ്. ക്രൈംബ്രാഞ്ച് റിപ്പോർട്ട് ചെയ്യുന്നത് എം.വി.ഗോവിന്ദനാണോ?’ – സതീശൻ ചോദിച്ചു.
‘‘ഇങ്ങനെയൊരു മൊഴിയില്ല എന്ന് അന്വേഷണ ഏജൻസിയായ ക്രൈംബ്രാഞ്ച് തന്നെ തൊട്ടുപിന്നാലെ വിശദീകരിക്കുന്ന സാഹചര്യമുണ്ടായി. അപ്പോൾ പച്ചക്കള്ളമാണ് ദേശാഭിമാനിയും എം.വി.ഗോവിന്ദനും ആവർത്തിച്ചതെന്ന് വ്യക്തമായിരിക്കുന്നു. 75 വയസ്സുള്ള, കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ നേതാക്കളിൽ മുന്നണിയിൽ നിൽക്കുന്ന കെ.സുധാകരനെതിരെ ഗുരുതരമായ ഒരു വൃത്തികെട്ട ആരോപണം ഉന്നയിച്ച ദേശാഭിമാനിക്കെതിരെയും അത് ആവർത്തിച്ച ഗോവിന്ദനെതിരെയും കേസെടുക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം. സർക്കാർ അതിനു തയാറായില്ലെങ്കിൽ ഞങ്ങൾ നിയമപരമായ നടപടികൾ സ്വീകരിക്കും’– സതീശൻ പറഞ്ഞു.