വ്യാജ ഡിഗ്രി വിവാദം: നിഖിൽ ഹാജരാക്കിയ രേഖയെല്ലാം ഒറിജിനലെന്ന് പിഎം ആർഷോ, എസ്എഫ്ഐയുടെ പൂർണ്ണ പിന്തുണ
ആലപ്പുഴ : വ്യാജ ബിരുദ സർട്ടിഫിക്കറ്റ് വിവാദത്തിൽ കുറ്റാരോപിതനായ നിഖിൽ തോമസിന് എസ് എഫ് ഐയുടെ ക്ലിൻ ചിറ്റ്. നിഖിൽ ഹാജരാക്കിയ ഡിഗ്രി സർട്ടിഫിക്കറ്റെല്ലാം ഞങ്ങൾ പരിശോധിച്ചെന്നും എല്ലാം ഒറിജിനലാണെന്നും എസ്എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ വാർത്താ സമ്മേളനത്തിൽ അവകാശപ്പെട്ടു. ‘മുഴുവൻ ഡോക്യുമെന്റ്സും നിഖിൽ എസ് എഫ് ഐക്ക് മുന്നിൽ ഹാജരാക്കി. കലിംഗ യൂണിവേഴ്സിറ്റിയിൽ പഠിച്ചതും പാസായതും രേഖകളിൽ വ്യക്തമാണ്. അതെല്ലാം പരിശോധിച്ച് എല്ലാം യാഥാർഥ്യമാണെന്നും നിഖിലിന്റേത് വ്യാജ ഡിഗ്രിയല്ലെന്ന് ഉറപ്പാക്കിയെന്നുമാണ് ആർഷോ അവകാശപ്പെടുന്നത്.
വ്യാജ ബിരുദ സർട്ടിഫിക്കറ്റ് വിവാദത്തിൽ കുറ്റാരോപിതനായ നിഖിൽ തോമസ് എസ്എഫ്ഐ സംസ്ഥാന നേതൃത്വത്തെ നേരിട്ട് കണ്ടാണ് തന്റെ കൈവശമുള്ള ബികോം സർട്ടിഫിക്കറ്റ് കാണിച്ചത്. ആർഷോ അടക്കമുള്ള നേതാക്കളാണ് നിഖിൽ തോമസ് ഹാജരാക്കിയ സർട്ടിഫിക്കറ്റുകൾ പരിശോധിച്ചത്.
അതിനിടെ നിഖില്‍ തോമസിന്റെ വ്യാജ ഡിഗ്രി വിവാദത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. ഇന്ന് രാവിലെ കായംകുളം എംഎസ്എം കോളേജ് പ്രിന്‍സിപ്പലിന്റെ മൊഴി നിഖിൽ തോമസ് രേഖപ്പെടുത്തും. കെഎസ്യു ജില്ലാ പൊലീസ് മേധാവിക്ക് നല്കിയ പരാതിയിലാണ് നടപടി. പ്രാഥമിക അന്വേഷണത്തിന് ശേഷം കേസ് രജിസ്റ്റര്‍ ചെയ്യാനാണ് തീരുമാനം. വ്യാജ രേഖ കേസില്‍ വഞ്ചനക്കിരയായവരുടെ പരാതിയിലേ കേസെടുക്കാനാവൂവെന്നാണ് പൊലീസ് പറയുന്നത്. ഈ സാഹചര്യത്തിലാണ് കായംകുളം എംഎസ്എം കോളേജ് പ്രിൻസിപ്പലിന്റെ മൊഴിയെടുക്കുന്നത്.