കളിക്കാൻ പോയ മൂന്ന് കുട്ടികളും തിരികെ എത്തിയില്ല; ഒടുവിൽ മൃതദേഹം കണ്ടെത്തിയത് വീടിന് തൊട്ടടുത്ത് പാർക്ക് ചെയ്തിരുന്ന കാറിൽ നിന്ന്
നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ രണ്ട് ദിവസം മുമ്പ് കാണാതായ കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തി. വീടിന് സമീപം പാർക്ക് ചെയ്തിരുന്ന കാറിൽ നിന്നാണ് മൂന്ന് കുട്ടികളുടെയും മൃതദേഹം കണ്ടെത്തിയത്. ഫറൂഖ് നഗർ നിവാസികളായ തൗഫീഖ് ഫിറോസ് ഖാൻ (4), ആലിയ ഫിറോസ് ഖാൻ (6), അഫ്രിൻ ഇർഷാദ് ഖാൻ (6) എന്നിവരാണ് മരിച്ചത്. തൗഫീഖും ആലിയയും സഹോദരങ്ങളാണ്. അഫ്രിൻ ഇവരുടെ അയൽവാസിയാണ്.
ശനിയാഴ്ച ഉച്ചയോടെ വീടിന് സമീപമുള്ള ഗ്രൗണ്ടിൽ കളിക്കാൻ പോയതായിരുന്നു കുട്ടികൾ. എന്നാൽ വൈകുന്നേരമായിട്ടും അവർ വീട്ടിൽ തിരികെ എത്തിയില്ല. തുടർന്ന് മാതാപിതാക്കൾ പച്ചപോളി പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ പരിശോധനയിൽ ഞായറാഴ്ച രാത്രി ഏഴ് മണിയോടെ വീടിന് 50 മീറ്റർ അകലെ പാർക്ക് ചെയ്തിരുന്ന എസ് യു വി കാറിനുള്ളിൽ കുട്ടികളുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
തൗഫീക്കിന്റെയും ആലിയയുടെയും മാതാപിതാക്കൾ ആക്രിക്കച്ചവടക്കാരാണ്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടത്തിയതിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ എന്ന് നാഗ്പൂർ പൊലീസ് കമ്മീഷണർ അമിതേഷ് കുമാർ പറഞ്ഞു.