ജനപ്രതിനിധികള്‍ ഉന്നയിക്കുന്ന വിഷയങ്ങളില്‍ ദേശീയപാതാ അതോറിറ്റി രേഖാമൂലം മറുപടി നല്‍കണം;
ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കളക്ടറേറ്റില്‍ യോഗം ചേര്‍ന്നു
കാസര്‍കോട് : ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് എം.എല്‍.എമാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ ഉന്നയിക്കുന്ന വിഷയങ്ങളില്‍ ദേശീയ പാതാ അതോറിറ്റി കൃത്യമായും സമയബന്ധിതമായും രേഖാമൂലം മറുപടി നല്‍കേണ്ടതാണെന്ന് ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ പറഞ്ഞു. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ജില്ലാ വികസന സമിതി യോഗത്തിന്റെ തീരുമാനപ്രകാരം കാസര്‍കോട് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ദേശീയ പാത അതോറിറ്റി ഉദ്യോഗസ്ഥരുടേയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍. കാലവര്‍ഷം ആരംഭിച്ച സാഹചര്യത്തില്‍ ദേശീയപാത നിര്‍മ്മാണ മേഖലയില്‍ വെള്ളക്കെട്ട് ഒഴിവാക്കാന്‍ കര്‍ശനമായ ജാഗ്രത പാലിക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു. ജനപ്രതിനിധികള്‍ ആവശ്യപ്പെടുന്ന കാര്യങ്ങളില്‍ രേഖാമൂലം മറുപടി അറിയിക്കണം. സാധിക്കാത്തവയാണെങ്കില് ആ വിവരവും കൃത്യമായി കൈമാറണം.
വിവരങ്ങള്‍ നല്‍കുന്നതിലെ കാലതാമസമാണ് പലയിടങ്ങളിലും ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് കാരണമാകുന്നതെന്ന് യോഗത്തില്‍ എം.എല്‍.എമാര്‍ പറഞ്ഞു. ജനങ്ങളുടെ ആശങ്കള്‍ പരിഹരിക്കണമെന്ന് എം.എല്‍.എമാരായ സി.എച്ച്.കുഞ്ഞമ്പു, എന്‍.എ.നെല്ലിക്കുന്ന,് എ.കെ.എം.അഷറഫ് എന്നിവര്‍ ആവശ്യപ്പെട്ടു. ദേശീയപാതാ അതോറിറ്റി ഉന്നത ഉദ്യോഗസ്ഥര്‍ ജില്ലയില്‍ സന്ദര്‍ശനം നടത്തുമ്പോള്‍ എം.എല്‍.എമാരെ കൂടി വിവരം അറിയിച്ചാല്‍ നിലവിലുള്ള ജനകീയ പ്രശ്നങ്ങള്‍ ബോധ്യപ്പെടുത്താനാകുമെന്ന് എം.എല്‍.എമാര്‍ പറഞ്ഞു. സര്‍വീസ് റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ കഴിയാത്തതിനാല്‍ കാസര്‍കോട് പുതിയ ബസ്സ്റ്റാന്‍ഡിലെ ജനങ്ങള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ കച്ചേരി കടവ് പാലത്തിന്റെ അനുബന്ധ റോഡ് ദേശീയപാതയുമായി ബന്ധിപ്പിക്കുന്നതും പടന്നക്കാട് കാര്‍ഷിക കോളേജ് മുതല്‍ നീലേശ്വരം പാലം വരെയുള്ള പ്രദേശത്ത് അപ്രോച്ച് റോഡ് സംബന്ധിച്ചും ചര്‍ച്ച ചെയ്തു.
ഉപ്പള ഗേറ്റ് മഞ്ചേശ്വരം റെയില്‍വേ ഓവര്‍ ബ്രിഡ്ജ് എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നം ജനപ്രതിനിധികള്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടി. നാഷണല്‍ ഹൈവേ റോഡുകളുടെ പ്രവര്‍ത്തനം നടക്കുമ്പോള്‍ പൈപ്പുകള്‍ പൊട്ടുന്നത് മൂലം കുടിവെള്ളം മുട്ടുന്നവര്‍ക്ക് ശുദ്ധജലം എത്തിക്കാന്‍ പകരം സംവിധാനം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എയും ദേശീയപാതയുടെ നിര്‍മ്മാണത്തില്‍ മഞ്ചേശ്വരം മണ്ഡലത്തിലെ പ്രധാന പാലങ്ങളായ ഉപ്പള, ഷിറിയ, കുമ്പള, മൊഗ്രാല്‍ പാലങ്ങളോട് ചേര്‍ന്നുള്ള അപ്രോച്ച്കളില് സര്‍വീസ് റോഡ് നിര്‍മ്മിക്കാത്തത് സംബന്ധിച്ച് എ.കെ.എം അഷറഫ് എം.എല്‍.എയും നായന്മാര്മൂലയില് ഫ്ളൈ ഓവര്‍ നിര്‍മിക്കേണ്ടതിന്റെ ആവശ്യകത എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എയും ചൂണ്ടിക്കാട്ടി.
ചെര്‍ക്കളയില്‍ നിന്ന് ചട്ടഞ്ചാല്‍ വരെ നിര്‍മ്മിക്കുന്ന മേല്‍പാലത്തിനായി സ്ഥാപിച്ചിട്ടുള്ള പില്ലറിനു ചുറ്റുപാടും നിരവധി കുടുംബങ്ങള്‍ താമസിക്കുന്നുണ്ട.് വെള്ളക്കെട്ടില്‍ അപകടം വരാത്ത രീതിയില്‍ മുന്‍കരുതല്‍ പാലിക്കണമെന്ന് സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ നിര്‍ദ്ദേശിച്ചു.മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ പെറുവാട്, കൈക്കമ്പ എന്നീ സ്ഥലങ്ങളിലെ അടിപ്പാത നിര്‍മ്മാണ സാധ്യതയും കുമ്പള, മൊഗ്രാല്‍ പുത്തൂര്‍ എന്ന സ്ഥലങ്ങളിലെ സര്‍വീസ് റോഡ് നിര്‍മ്മാണ പുരോഗതിയും യോഗത്തില്‍ ചര്‍ച്ചയായി. ദേശീയപാതയില്‍ പടന്നക്കാട് കോളേജിനു മുന്നില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതും പടന്നക്കാട് മേല്‍പ്പാലത്തില്‍ അറ്റകുറ്റപണി നടത്തിയതിലെ അപാകതകളും ജനപ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. നീലേശ്വരം മുന്‍സിപാലിറ്റി പരിധിയില്‍ തോട്ടം മുതല്‍ മാര്‍ക്കറ്റ് ജംഗ്ഷന് വരെ സര്‍വീസ് റോഡ് നിര്‍മിക്കണമെന്നും നീലേശ്വരം ജംഗ്ഷനില്‍ ഫ്ളൈ ഓവര്‍ നിര്‍മിക്കണമെന്നും നീലേശ്വരം മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ ടി.വി.ശാന്ത പറഞ്ഞു. യോഗത്തില്‍ എന്‍.എച്ച്.എ.ഐ ഡി.എം ജസ്പ്രീത്, എന്‍.എച്ച്.എ.ഐ സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ഹര്‍കേഷ് മീണ, എന്‍.എച്ച്.എ.ഐ ലെയ്സണ്‍ ഓഫീസര്‍ കെ.സേതുമാധവന് നായര്‍, യു.എല്‍.സി.സി പ്രതിനിധികളായ അജിത് കുമാര്‍, വി.നിഷാന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എ.എസ്.മായ, ഡെപ്യൂട്ടി കളക്ടര്‍ എല്‍.എ എന്‍.എച്ച് ഫിലിപ്പ് ചെറിയാന് തുടങ്ങിയവര്‍ പങ്കെടുത്തു.