ന്യൂഡൽഹി: ടെലികോം കമ്പനികളില്‍ നിന്ന് 1.47 ലക്ഷം കോടി എ ജി ആര് കുടിശിക പിരിച്ചെടുക്കാത്തത് തടഞ്ഞ കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. കോടതി വിധി തടയാന്‍ ഒരു ഡസ്ക് ഓഫീസറിന് എന്ത് അധികാരമാണുള്ളതെന്ന് ജസ്റ്റിസ് അരുണ്‍ മിശ്രയും ജസ്റ്റിസ് എം ആര് ഷാ യും അടങ്ങുന്ന ബെഞ്ച് ആരാഞ്ഞു. ഡസ്ക് ഓഫീസറുടെ നടപടി ഞെട്ടിക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു.
കോടതി ഉത്തരവ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നടപ്പിലാക്കുന്നില്ലെങ്കില്‍ കോടതി തന്നെ അടച്ച് പൂട്ടുന്നതാണ് നല്ലതെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര അഭിപ്രായപ്പെട്ടു. അഴിമതി തുടച്ച് നീക്കാനുള്ള ശ്രമമാണ് തന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. എന്നാല്‍ ജുഡീഷ്യല്‍ വ്യവസ്ഥയില്‍ ബഹുമാനം ഇല്ലാത്തവര്‍ ഈ രാജ്യത്ത് ജീവിക്കാതിരിക്കുന്നതാണ് നല്ലത് എന്നും ജസ്റ്റിസ് അരുണ്‍ മിശ്ര ചൂണ്ടികാട്ടി.
കോടതി ഉത്തരവ് പ്രകാരം പിരിക്കേണ്ട പണം സര്‍ക്കാര്‍ ഉദ്യോഗസ്ഥന് പിരിക്കുന്നില്ല. ടെലികോം കമ്പനികള്‍ പണം നല്‍കുന്നുമില്ല. ഈ രാജ്യത്ത് എന്താണ് നടക്കുന്നതെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര ആരാഞ്ഞു? സുപ്രീം കോടതി വിധിക്ക് എതിരെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് നിലപാട് സ്വീകരിക്കുകയാണെങ്കില്‍ ഈ രാജ്യത്ത് ഇനി എന്ത് നിയമമാണ് അവശേഷിക്കുന്നതെന്നും ജസ്റ്റിസ് മിശ്ര ആരാഞ്ഞു.
എ ജി ആര് കുടിശിക അടയ്ക്കാത്ത ടെലികോം കമ്പനികള്‍ ആയ എയര്‍ ടെല്‍, വോഡഫോണ്‍ എന്നീ കമ്പനികള്‍ക്കും, കുടിശിക പിരിച്ച് എടുക്കുന്നതില്‍ പിഴവ് വരുത്തിയ ഉദ്യോഗസ്ഥര്‍ക്കും എതിരെ കോടതി അലക്ഷ്യ നടപടി ആരംഭിച്ചു. പണമടച്ചില്ലെങ്കില്‍ ടെലികോം കമ്പനികളുടെ സി എം ഡി മാരോടും, ടെലികോം വകുപ്പിലെ ഉദ്യോഗസ്ഥരോടും 17 ന് നേരിട്ട് ഹാജര്‍ ആകാന്‍ ജസ്റ്റിസ് അരുണ്‍ മിശ്രയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് നിര്‍ദേശിച്ചു.