അഖില നന്ദകുമാറിനെതിരായ കളളക്കേസ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്കി
കൊച്ചി: ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോര്‍ട്ടര്‍ അഖില നന്ദകുമാറിനെതിരായ കളളക്കേസില്‍ പൊലീസ് നോട്ടീസ് അയച്ചു. ചോദ്യം ചെയ്യലിനായി നാളെ രാവിലെ പത്തിന് കൊച്ചി ജില്ലാ ക്രൈം ബ്രാഞ്ച് ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം. മഹാരാജാസ് കോളേജ് മാര്‍ക് ലിസ്റ്റ് വിവാദത്തില്‍ ജൂണ്‍ ആറിന് സംപ്രേഷണം ചെയ്ത തത്സമയ റിപ്പോര്‍ട്ടിങ്ങിന്റെ പകര്‍പ്പും ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കെ വിദ്യക്കെതിരായ വ്യാജരേഖാക്കേസ് റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോയുടെ മാര്‍ക് ലിസ്റ്റ് വിവാദത്തെപ്പറ്റി കെ എസ് യു പ്രവര്ത്തകന് ആരോപണമുന്നയിച്ചതുമായി ബന്ധപ്പെട്ടാണ് കേസ്. കെഎസ്യു പ്രവര്ത്തകന് ഉന്നയിച്ച ആരോപണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് പിഎം ആര്‍ഷോയുടെ ആരോപണം. പ്രതികളായ മഹാരാജാസ് കോളേജ് പ്രിന്‍സിപ്പലിന്റെയും വകുപ്പ് മേധാവിയുടെയും മൊഴികള്‍ പൊലീസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു.