‘നന്ദിനി നല്ല പാലല്ല, കുഞ്ഞുങ്ങളും സാധാരണക്കാരും കുടിക്കാൻ പാടില്ല, മിൽമയാണ് ഏറ്റവും മികച്ചത്’; കർണാടക പാൽ കേരളത്തിൽ വിൽക്കുന്നതിനെതിരെ മന്ത്രി
തിരുവനന്തപുരം: കേരളത്തിൽ കർണാടക പാലായ നന്ദിനി വിൽക്കുന്നതിനെതിരെ ദേശീയ ഡയറി ഡെവലപ്പ്മെന്റ് ബോർഡിന് പരാതി നൽകുമെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. മാദ്ധ്യമങ്ങളോടാണ് ഇക്കാര്യം അറിയിച്ചത്. കർണാടക സർക്കാരാണ് നന്ദിനി പാലിന്റെ ഉത്പാദനത്തിനും വിൽപ്പനയ്ക്കും നേതൃത്വം നൽകുന്നത്. കർണാടക കോ- ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് ഫെഡറേഷന്റെ പാലും പാൽ ഉത്പന്നങ്ങളുമാണ് നന്ദിനിയെന്ന പേരിൽ വിൽക്കുന്നത്.’
മറ്റ് സംസ്ഥാനങ്ങളിലേയ്ക്ക് കടന്നുചെല്ലുമ്പോൾ ബന്ധപ്പെട്ട വകുപ്പിന്റെ അനുമതി വാങ്ങണം. നന്ദിനി പാലുമായി ബന്ധപ്പെട്ട യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ല. ഇന്ത്യയിലെ തന്നെ മികച്ച പാൽ മിൽമയുടേതാണ്. അന്യസംസ്ഥാന പാലിന് വലിയ ശ്രദ്ധ കൊടുക്കേണ്ടതില്ല. അത് നല്ല പാലല്ല. കുഞ്ഞുങ്ങളും സാധാരണക്കാരും അന്യസംസ്ഥാന പാൽ ഉപയോഗിക്കാൻ പാടില്ല’- മന്ത്രി പറഞ്ഞു.
നന്ദിനി പാൽ സംസ്ഥാനത്ത് വിൽക്കുന്നതിനെതിരെ മിൽമയും രംഗത്തെത്തി. പാൽ ഒഴികെയുള്ള ഉത്പന്നങ്ങൾ കേരളത്തിൽ വിൽക്കുന്നത് മിൽമ എതിർക്കില്ല. എന്നാൽ ക്ഷീരകർഷകർക്ക് ദോഷമാകുന്നതിൽ നിന്ന് നന്ദിനി പിൻമാറണമെന്ന് മിൽമ ആവശ്യപ്പെട്ടു. മിൽമയുടെ എതിർപ്പ് വകവയ്ക്കാതെയാണ് നന്ദിനി പാലിന്റെ ഔട്ട്ലെറ്റുകൾ സംസ്ഥാനത്ത് തുറന്നത്. കൊച്ചിയിലും മഞ്ചേരിയിലും തിരൂരിലും പന്തളത്തും തലനാടും നന്ദിനി ഔട്ട്ലെറ്റുകളുണ്ട്. മിൽമയേക്കാൾ ഏഴുരൂപയോളം കുറവാണ് നന്ദിനി പാലിനും പാൽ ഉത്പന്നങ്ങൾക്കും.