സ്വര്‍ണക്കടത്ത്: രണ്ട് കസ്റ്റംസ് ഇന്‍സ്പെക്ടര്‍മാര്‍ ഡിആര്‍ഐയുടെ കസ്റ്റഡിയില്‍
തിരുവനന്തപുരം: വിമാനത്താവളം വഴി സ്വര്‍ണക്കടത്തിന് ഒത്താശ ചെയ്തു കൊടുത്ത രണ്ട് കസ്റ്റംസ് ഇന്‍സ്പെക്ടര്‍മാര്‍ ഡിആര്‍ഐയുടെ കസ്റ്റഡിയില്‍. കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് യൂണിറ്റിലെ അനീഷ് മുഹമ്മദ്, നിതിന്‍ എന്നിവരാണ് പിടിയിലായത്.
തിരുവനന്തപുരം വിമാനത്താവളം വഴി ഇവരുടെ ഒത്താശതോടെ സ്വര്‍ണക്കടത്ത് സംഘം പലപ്പോഴായി 80 കിലോ സ്വര്‍ണം കടത്തിയെന്നാണ് കണ്ടെത്തല്‍. ഡി.ആര്.ഐ സ്വര്‍ണം പിടിച്ചതോടെയാണ് ഇവരുടെ പങ്ക് പുറത്തായത്.
കണ്ണൂരിലെ സ്വര്‍ണക്കടത്ത് സംഘവുമായി ഇവര്‍ സഹകരിച്ചാണ് പ്രവര്‍ത്തിച്ചിരുന്നതെന്നാണ് സൂചന. ഇക്കഴിഞ്ഞ നാലിന് തിരുവനന്തപുരം വിമാനത്താവളത്തില്‍ സുരക്ഷാ പരിശോധന കഴിഞ്ഞിറങ്ങിയ യാത്രക്കാരില്‍ നിന്ന് നാലര കിലോ സ്വര്‍ണം ഡിആര്‍ഐ പിടികൂടിയിരുന്നു. എന്നാല്‍ സ്വര്‍ണം പിടിച്ചത് കസ്റ്റംസ് ഉദ്യോഗസ്ഥരാണെന്ന സംശയിച്ച കള്ളക്കടത്ത് സംഘം അബുദാബിയില്‍ നിന്ന് തിരുവനന്തപുരത്തെത്തി കസ്റ്റംസ് ഉദ്യോഗസ്ഥരുമായി വാക്കുതര്‍ക്കമുണ്ടാക്കിയിരുന്നു. ഇത് ശ്രദ്ധയില്‍പെട്ട ഡിആര്‍ഐ ഉദ്യോഗസ്ഥരെ നിരീക്ഷിക്കുയും ഇവരുടെ ടെലിഫോണ്‍ രേഖകള്‍ പരിശോധിക്കുകയും ചെയ്തിരുന്നു. മുന്‍പ് 80 കിലോയിലേറെ സ്വര്‍ണം കടത്താന്‍ സഹായിച്ച വിവരം ടെലിഫോണ്‍ സംഭാഷണത്തില്‍ നിന്നാണ് ഡി.ആര്ഐയ്ക്ക് ലഭിച്ചത്.
ഇവരെ സംരക്ഷിക്കാന്‍ കസ്റ്റംസിലെ ഉന്നത ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നതായും സംശയമുണ്ട്. സ്വര്‍ണ്ണക്കടത്തുകാരുമായി തര്‍ക്കമുണ്ടായതിനു പിന്നാലെ ഇവരെ കസ്റ്റംസിലെ മറ്റൊരു വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. കള്ളക്കടത്തില്‍ കസ്റ്റംസിലെ ഉന്നതരുടെ പങ്കും പരിശോധിക്കുന്നുണ്ട്.
കരിപ്പൂരില്‍ കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തുവന്ന ചില യാത്രക്കാരില്‍ നിന്ന് പോലീസ് സ്ഥിരമായി സ്വര്‍ണം പിടികൂടിയത് വിവാദമായിരുന്നു.