ബുര്‍ഖയിട്ട് ഡോ.ആയിഷയായി മെഡിക്കല്‍ കോളേജില്‍ മൂന്നാഴ്ച; ഒടുവില്‍ 25കാരന് പിടിയില്‍
നാഗ്പൂര്‍: വനിതാ ഡോക്ടറായി വേഷമിട്ട് ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചുറ്റിക്കറങ്ങിയ 25കാരന് പിടിയില്‍. ബുര്‍ഖ ധരിച്ച് ഡോ.ആയിഷ എന്ന പേരില്‍ മൂന്നാഴ്ചയാണ് യുവാവ് മെഡിക്കല്‍ കോളേജില്‍ ചെലവഴിച്ചത്. ബുധനാഴ്ചയാണ് യുവാവിനെ തഹസിൽ പൊലീസ് അറസ്റ്റ് ചെയ്തത്.
താൻ സ്വവർഗ്ഗാനുരാഗിയാണെന്നും പുരുഷന്മാരുമായി ചങ്ങാത്തം കൂടാൻ സ്ത്രീവേഷം കെട്ടിയതായും പോലീസിനോട് പറഞ്ഞതായി തഹസിൽ പെലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. ആശുപത്രിയിൽ നിയോഗിച്ചിരിക്കുന്ന മഹാരാഷ്ട്ര സെക്യൂരിറ്റി ഫോഴ്സിലെ (MSF)ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് പൊലീസിൽ വിവരമറിയിക്കുകയും യുവാവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പൊലീസ് ഉദ്യോഗസ്ഥരെ പോലും അമ്പരപ്പിക്കുന്ന തരത്തിൽ സ്ത്രീയോട് സാമ്യമുള്ളതായിരുന്നു പ്രതിയുടെ ശബ്ദം. ഇയാൾ വിവാഹിതനായിരുന്നുവെങ്കിലും ഭാര്യ ഉപേക്ഷിച്ചുപോയിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
വഞ്ചന, ആൾമാറാട്ടം എന്നീ വകുപ്പുകള്‍ ചുമത്തി തട്ടിപ്പുകാരനെതിരെ കേസെടുത്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം തുടരുകയാണെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.