ബിജെപി സംഘടനാ ജനറല്‍ സെക്രട്ടറി കാസർകോട് ചട്ടഞ്ചാൽ സ്വദേശിയായ എം.ഗണേശനെ മാറ്റി; കെ.സുഭാഷിന് ചുമതല
തിരുവനന്തപുരം: ബിജെപി സംഘടനാ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് എം ഗണേശനെ ആർഎസ്എസ് തിരികെവിളിച്ചു. രണ്ടുടേം പൂർത്തിയാക്കിയതിനെ തുടര്‍ന്നാണ് തീരുമാനമെന്നാണ് വിവരം. സഹ സംഘടന സെക്രട്ടറി കെ സുഭാഷിന് പകരം ചുമതല നല്കി. തിരുവനന്തപുരം പാലോട് നടന്ന ആര്‍എസ്എസ് പ്രാന്തീയ പ്രചാരക് ബൈഠക് തീരുമാനപ്രകാരമാണ് നടപടി. കെ ആര് ഉമാകാന്തന്‍ മാറിയ ശേഷം നാലുവര്‍ഷമായി ബിജെപി സംഘടനാ സെക്രട്ടറിയായിരുന്നു കാസർഗോഡുകാരനായ ഗണേശന്.
കണ്ണൂര്‍ സ്വദേശി സുഭാഷ് ദീര്‍ഘനാളായി പ്രചാരകനാണ്. സഹപ്രാന്ത പ്രചാരകനായ എ വിനോദ്, സ്വദേശി ജാഗരണ്‍ മഞ്ച് ഭാരവാഹി എ ജയകുമാര്‍ എന്നിവരെയും പരിഗണിച്ചിരുന്നു എന്നാണ് സൂചന.
ബിജെപിയും ആർഎസ്എസും തമ്മിലുള്ള ഏകോപനത്തിനാണ് സംഘടനാ സെക്രട്ടറിയെ നിയോഗിക്കുന്നത്. ആർഎസ്എസ് സംസ്ഥാനതല പ്രചാർ പ്രമുഖ് ആയിരിക്കുമ്പോഴാണ് ഗണേശനെ ബിജെപിയുടെ പ്രവർത്തനത്തിന് നിയോഗിക്കുന്നത്. എന്നാൽ ബിജെപി നേതൃത്വവുമായി ഏറെ നാളായി ആർഎസ്എസ് സംസ്ഥാന നേതൃത്വം അടുപ്പത്തിലല്ല. ബിജെപിയിലെ വിഭാഗീയതയും അതിന്റെ പേരിൽ നേതാക്കളെ ഒതുക്കുന്നതിനും എതിരെ ആര്‍എസ്എസ് മുന്നറിയിപ്പ് നൽകിയിരുന്നു. സംഘടനാ സെക്രട്ടറിയും ബിജെപി നേതൃത്വവുമായും സ്വരച്ചേർച്ചയിലായിരുന്നില്ല.
ഗണേശന്റെ നടപടികള്‍ നേരത്തെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ ചുമതല വഹിച്ചിരുന്ന ഗണേശ് അലക്ഷ്യമായി ഫണ്ട് വിനിയോഗം നടത്തിയതായി ആരോപണം ഉയര്‍ന്നതും ബിജെപിയിൽ ചര്‍ച്ചയായിരുന്നു. തൃശൂര്‍ കൊടകര കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട് ഗണേശനെ പ്രത്യേക അന്വേഷണസംഘം ചോദ്യംചെയ്തിരുന്നു. പണം കൊണ്ടുവന്ന ധര്‍മരാജനുമായി ഈ ദിവസങ്ങളില്‍ ഗണേശ് പലതവണ ഫോണില്‍ ബന്ധപ്പെട്ടുവെന്ന പേരിലായിരുന്നു ചോദ്യംചെയ്യല്‍.
ഇന്നും നാളെയും ആർഎസ്എസ് സംസ്ഥാന വാർഷിക യോഗം കൊച്ചിയിൽ ചേരുന്നുണ്ട്. ബിജെപിയുമായി ഏകോപന ചുമതലയുള്ള ആർഎസ്എസ് സഹസർകാര്യവാഹ് അരുൺകുമാർ ഈ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. കൂടാതെ ബിജെപി ദേശീയ സംഘടനാ ജനറൽ സെക്രട്ടറി ബി എൽ സന്തോഷിനോടും ഈ യോഗത്തിൽ പങ്കെടുക്കാൻ ആർഎസ്എസ് നിർദേശിച്ചിട്ടുണ്ട്. കേരളത്തിലെ ബിജെപിയിൽ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് ഈ കൂടിക്കാഴ്ചയിൽ ചർച്ച നടക്കും.