ആംബുലൻസും ഓട്ടോയും കൂട്ടിയിടിച്ച് അപകടം, കുഞ്ഞിനെ ആശുപത്രിയിൽ കാണിച്ച് മടങ്ങിയ പിതാവ് മരിച്ചു
തൃശൂർ: കുഞ്ഞിനെ ആശുപത്രിയിൽ കാണിച്ച് മടങ്ങവേയുണ്ടായ അപകടത്തിൽ പിതാവ് മരിച്ചു. തൃശൂർ വാടാനപ്പള്ളി എറവ് കപ്പൽ പള്ളിയ്ക്ക് സമീപം പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം. കുഞ്ഞുമായി കുടുംബം സഞ്ചരിച്ച ഓട്ടോയും ആംബുലൻസും കൂട്ടിയിടിക്കുകയായിരുന്നു.
ഓട്ടോ ഓടിച്ച പടിയൂർ സ്വദേശി ചളിങ്ങാട് വീട്ടിൽ ജിത്തുവാണ് (38) മരിച്ചത്. ഓട്ടോയിലുണ്ടായിരുന്ന ജിത്തുവിന്റെ ഭാര്യ തളിക്കുളം ചിറ്റൂർ വീട്ടിൽ നീതു (35), മകൻ അദ്രിനാഥ് (3), നീതുവിന്റെ പിതാവ് കണ്ണൻ (55) എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു.
തൃശൂരിലെ ആശുപത്രിയിൽ കുഞ്ഞിനെ കാണിച്ച് മടങ്ങവേയായിരുന്നു അപകടം. കാഞ്ഞാണി ഭാഗത്തുനിന്ന് വരികയായിരുന്ന ആംബുലൻസും തൃശൂരിൽ നിന്ന് വരികയായിരുന്ന ഓട്ടോയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. സംഭവസ്ഥലത്തുവച്ചുതന്നെ ജിത്തു മരിച്ചിരുന്നു. ഓട്ടോറിക്ഷ പൂർണമായും തകർന്നു. ജിത്തുവിന്റെ സഹോദരന്റെ ഓട്ടോയാണ് അപകടത്തിൽപ്പെട്ടത്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നീതുവിനെയും അദ്രിനാഥിനെയും കണ്ണനെയും തൃശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മൂന്നുപേരുടെയും നില ഗുരുതരമാണെന്നാണ് വിവരം. നീതുവും അദ്രിനാഥും വെന്റിലേറ്ററിലും കണ്ണൻ ഐ സി യുവിലും ചികിത്സയിലാണ്. അതേസമയം, ആംബുലൻസ് ഡ്രൈവർക്കും ആംബുലൻസിലുണ്ടായിരുന്ന രോഗിക്കും സാരമായ പരിക്കില്ല.