അഖില നന്ദകുമാറിനെതിരായ കേസ്: സിപിഐ മാധ്യമ സ്വാതന്ത്ര്യത്തിനൊപ്പമാണ് ഡി രാജ
ഡല്‍ഹി: ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോര്‍ട്ടര്‍ അഖില നന്ദകുമാറിനെതിരായ കേസില്‍ പ്രതികരണവുമായി സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ. മാധ്യമ സ്വാതന്ത്ര്യത്തിനൊപ്പമാണ് സി പി ഐ എന്ന് ഡി രാജ പ്രതികരിച്ചു. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ക്കെതിരെ എടുത്ത കേസ് ദേശീയ മാധ്യമങ്ങള്‍ അടക്കം പ്രാധാന്യത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിഷയത്തില്‍ സംസ്ഥാന ഘടകം വിശദമായി പരിശോധിച്ച് പ്രതികരിക്കുമെന്നും ഡി.രാജ പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരെ ലക്ഷ്യമിടുന്നത് പാര്‍ട്ടിയുടേയോ ഇടത് സര്‍ക്കാരിന്റെയോ നയമല്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പ്രതികരിച്ചിരുന്നു. അഖില നന്ദകുമാറിനെതിരായ പരാതിക്കാരന് സര്‍ക്കാര്‍ അല്ല. കേരളത്തിലെ ഇപ്പോഴത്തെ കേസിന്റെ വിശദാംശങ്ങള്‍ അറിയില്ലെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. മാധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി എന്നും നിലകൊള്ളുന്ന പ്രസ്ഥാനമാണ് സിപിഎം. മാധ്യമ സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ സിപിഎമ്മിന് കേന്ദ്രത്തിലും കേരളത്തിലും ഒരേ നിലപാടാണ് ഉള്ളത്. മാധ്യമ പ്രവര്‍ത്തകയ്ക്കെതിരെ കേസെടുത്തത് സര്‍ക്കാരിനെ വിമര്‍ശിച്ചതിന്റെ പേരിലല്ലെന്നും എസ്എഫ്ഐ നേതാവിന്റെ പരാതിയിലാണെന്നും പ്രകാശ് കാരാട്ട് പ്രതികരിച്ചു. ആരെയും വിമര്‍ശിച്ചതിന്റെ പേരില്‍ മാത്രം സര്‍ക്കാര്‍ കേസ് എടുക്കില്ലെന്നും അതില്‍ മറ്റെന്തെങ്കിലും കാരണം ഉണ്ടാവുമെന്നും പ്രകാശ് കാരാട്ട് കൂട്ടിച്ചേര്‍ത്തു.