മോഷണം കഴിഞ്ഞ് ഫ്ലൈയിങ് കിസ്സും കൊടുത്ത് മുങ്ങി; പ്രതി പിടിയില്‍
കോഴിക്കോട്: ഉള്ള്യേരി ആനവാതിലിലെ വി കെയര്‍ പോളി ക്ലിനിക്കില്‍ മോഷണം നടത്തിയ പ്രതികളെ അറസ്റ്റ് ചെയ്തു. ക്ലിനിക്കിന്റെ പൂട്ട് കുത്തിപ്പൊളിച്ചായിരുന്നു മോഷണം. മലപ്പുറത്ത് വെച്ചാണ് ഇവരെ കസ്റ്റഡിയിലെടുത്തത് സിസിടിവിയില്‍ നോക്കി ഫ്ലൈയിങ് കിസ് നല്‍കിയും ഹായ് പറഞ്ഞും ബൈ പറഞ്ഞും അശ്ലീല ആംഗ്യം കാണിച്ചും പണവുമായി കള്ളന്മാര് മടങ്ങിയതാണ്. ഹെല്‍മറ്റും റെയിന്‍കോട്ടും ധരിച്ചതിനാല്‍ ആരും തിരിച്ചറിയില്ലെന്ന് കരുതി. പക്ഷെ ദിവസം രണ്ട് കഴിഞ്ഞതോടെ പൊലീസ് പിടിയിലായി. കഴിഞ്ഞ ഞായറാഴ്ചയാണ് ആനവാതിലിലെ വി കെയര്‍ പോളി ക്ലിനിക്കിന്റെ പൂട്ട് പൊളിച്ച് 12,000 രൂപ മോഷ്ടിച്ചത്. മോഷണം നടത്തുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. ബൈക്കിലാണ് മോഷ്ടാക്കള്‍ എത്തിയത്. ഈ ബൈക്ക് കേന്ദ്രീകരിച്ചും ഫോണ്‍ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലാണ് ചെട്ടിപ്പടി പടിഞ്ഞാറെ കുളപ്പരയ്ക്കല്‍ എം കിഷോര്‍, ചേളാരി സ്വദേശി അബ്ദുല്‍ മാലിക് എന്നിവരെ വീടുകളില്‍ വെച്ച് അത്തോളി പൊലീസ് കസ്റ്റഡിയിലെടുത്തത്. ഉള്ള്യേരിയിലെ സിമന്റ് കട കുത്തിത്തുറന്നതും നടുവണ്ണൂരിലെ പെട്രോള്‍ പമ്പ് കവര്‍ച്ച നടത്തിയതുമടക്കം കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ കിഷോറിന്റെ പേരില്‍ ഇരുപതോളം കേസുകള്‍ ഉണ്ട്. അബ്ദുല്‍ മാലിക് ആദ്യമായാണ് മോഷണം നടത്തിയതെന്നാണ് പൊലീസിനോട് പറഞ്ഞത്.