ലോക രക്തദാന ദിനം ആചരിച്ചു
കാസര്‍കോട് ; ലോക രക്തദാന ദിനത്തോടനുബന്ധിച്ചു ജില്ലാ മെഡിക്കല്‍ ഓഫീസ്, കാഞ്ഞങ്ങാട് ബ്ലഡ് ബാങ്ക്, നീലേശ്വരം ജന മൈത്രി പോലീസ്, ബ്ലഡ് ഡോണേള്സ് കേരള, വ്യാപാരി വ്യവസായി ഏകോപന സമിതി എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ നീലേശ്വരം വ്യാപാരഭവനില്‍ രക്തദാന ക്യാമ്പ് നടത്തി.
നീലേശ്വരം നഗരസഭാ ചെയര്‍പേഴ്സണ്‍ ടി.വി.ശാന്ത ക്യാമ്പ് ഉദ്ഘാടനം ചെയ്തു. നീലേശ്വരം സബ്ബ് ഇന്‍സ്പെക്ടര്‍ മധുസൂദനന് അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസ്സര്‍ ഡോ.എ.വി.രാംദാസ് മുഖ്യപ്രഭാഷണം നടത്തി. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.കെ.വി.പ്രകാശ്, നീലേശ്വരം താലൂക് ആശുപത്രി സൂപ്രണ്ട് ഡോ.എ.ടി.മനോജ്, കാഞ്ഞങ്ങാട് ബ്ലഡ് ബാങ്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ.നിമ്മി ജോണ്‍, ബ്ലഡ് ഡോണേഴ്സ് കേരള സംസ്ഥാന വൈസ് പ്രസിഡന്റ് ജെ.സനല്‍ലാല്‍, കെ.പി.എ.ജില്ലാ ജോ.സെക്രട്ടറി ടി.വി.പ്രമോദ്, ജനമൈത്രീ ബീറ്റ് ഓഫീസ്സര്‍ എം.ശൈലജ എന്നിവര്‍ സംസാരിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ജനറല്‍ സെക്രട്ടറി എ.വിനോദ് കുമാര്‍ സ്വാഗതവും ജനമൈത്രി ബീറ്റ് ഓഫീസ്സര്‍ പ്രദീപന് കോതോളി നന്ദിയും പറഞ്ഞു.
രക്ത ദാന ക്യാമ്പില്‍ 47 പേര് രക്തദാനം നല്കി. ‘രക്തം നല്‍കൂ, പ്ലാസ്മ നല്‍കൂ, ജീവന് പങ്കിടൂ… പതിവായി…” എന്നതാണ് ഈ വര്‍ഷത്തെ രക്തദാന ദിന സന്ദേശം. ആരോഗ്യമുള്ള ഏതൊരാള്‍ക്കും രക്തദാനം ചെയ്യാം. പ്രായം 18നും 65നും ഇടയില്‍ ആയിരിക്കണം. ഭാരം 45-50 കിലോഗ്രാമില്‍ കുറയാതിരിക്കുകയും ശരീര താപനില സാധാരണ നിലയിലായിരിക്കുകയും വേണം. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് 12.5 ശതമാനത്തില്‍ കുറയരുത്. മൂന്ന് മാസത്തില്‍ ഒരിക്കല്‍ ഒരാള്‍ക്ക് രക്തം ദാനം ചെയ്യാന്‍ കഴിയും.