മുംബൈ: വിഭവസമൃദ്ധമായ ഉച്ചഭക്ഷണം വെറും 10 രൂപയ്ക്ക് നല്കുന്ന മഹാരാഷ്ട്ര സര്‍ക്കാരിന്റെ ശിവ് ഭോജന് താലി പദ്ധതിക്ക് വന്‍ സ്വീകരണം. ഇതുവരെ ശിവ് ഭോജന് താലി പദ്ധതിയിലൂടെ 2,33,738 പേര്‍ക്ക് പ്രയോജനം ലഭിച്ചുവെന്നും ഏകദേശം 13, 750 പേര്‍ക്ക് ദിവസേന പദ്ധതിയിലൂടെ ഉച്ചഭക്ഷണം നല്കി വരുന്നുണ്ടെന്നും ഔദ്യോഗിക വക്താവ് ബുധനാഴ്ച അറിയിച്ചു.
ശിവസേന സര്‍ക്കാരിന്റെ ജനക്ഷേമപരിപാടികളില് ഒന്നായ ശിവ് ഭോജന് താലി പദ്ധതി ജനുവരി 26 നാണ് ആരംഭിച്ചത്. 17 ദിവസങ്ങള്‍ പിന്നിടുമ്ബോള്‍ പദ്ധതിയിലൂടെ 139 കേന്ദ്രങ്ങളിലായി രണ്ട് ലക്ഷത്തിലധികം പേര്‍ക്ക് കുറഞ്ഞവിലയ്ക്ക് ഉച്ചഭക്ഷണം നല്കാന് താക്കറെ സര്‍ക്കാരിന് കഴിഞ്ഞു
തുടക്കത്തില്‍ 11,300 പേര്‍ക്കായിരുന്നു ഉച്ചഭക്ഷണം നല്‍കിയിരുന്നതെന്നും ഉപഭോക്താക്കളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതോടെ ഒരാഴ്ചയ്ക്ക് ശേഷം വിതരണം വര്‍ധിപ്പിക്കുകയായിരുന്നുവെന്നും ഔദ്യോഗിക വക്താവ് വ്യക്തമാക്കി.ഭക്ഷണത്തിന്റെ ഗുണനിലവാരവും ഭക്ഷണവിതരണകേന്ദ്രങ്ങളിലെ ശുചിത്വവും ഉറപ്പുവരുത്താന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നേരിട്ടാണ് പദ്ധതിയുടെ മേല്‍നോട്ടം വഹിക്കുന്നത്.
ജില്ലാ ആശുപത്രികള്‍, റെയില്‍വെ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, വ്യാപാരകേന്ദ്രങ്ങള്‍ തുടങ്ങി സാമ്ബത്തിക പിന്നാക്കാവസ്ഥയിലുള്ള ജനങ്ങള്‍ കൂടുതലായെത്തുന്ന സ്ഥലങ്ങളിലാണ് ഭക്ഷണകേന്ദ്രങ്ങള്‍ ആരംഭിച്ചിരിക്കുന്നത്.