ജോലിക്കായി ഹോട്ടലിലെത്തി, എല്ലാം നോക്കിവെച്ചു: 2 ലക്ഷം രൂപ കവര്‍ന്ന പ്രതിയെ തമിഴ്നാട്ടില്‍ നിന്നും പിടികൂടി
കോഴിക്കോട്:ഗോവിന്ദപുരം ശ്രീ ലക്ഷ്മി ഹോട്ടലില്‍ കവര്‍ച്ച നടത്തി രണ്ടു ലക്ഷത്തോളം രൂപ കവര്‍ന്ന മോഷ്ടാവ് അറസ്റ്റില്‍. തമിഴ്നാട് തിരുവാരൂര്‍ സ്വദേശി ഭാഗ്യരാജി(41 )നെ ഡപ്യൂട്ടി കമ്മീഷണര്‍ കെ ഇ ബൈജു ഐ പി എസിന്റെ കീഴിലുള്ള സിറ്റി സ്പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പ് സബ്ബ് ഇന്‍സ്പെക്ടര്‍ ഒ. മോഹന്‍ദാസും സംഘവും തമിഴ്നാട്ടിലെ തിരുവാരൂറിലെ മണ്ണാര് ഗുടിയിലെ ഉള്‍ഗ്രാമത്തില്‍ നിന്നുമാണ് ഇയാളെ പിടികൂടിയത്. വിശദമായ ചോദ്യം ചെയ്തതില്‍ പ്രതി കുറ്റം സമ്മതിക്കുകയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ഇന്‍സ്പെക്ടര്‍ ബെന്നി ലാലു അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.
കഴിഞ്ഞ മാസം 27-ാം തിയ്യതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ശ്രീലക്ഷ്മി ഹോട്ടലില്‍ മാസങ്ങള്‍ക്ക് മുമ്പ് കുറച്ച് ദിവസം ജോലി ചെയ്തിരുന്ന ഭാഗ്യരാജ് ഹോട്ടലിലെ സ്ഥിതിഗതികള്‍ മനസ്സിലാക്കിയ ശേഷം സ്ഥലം വിടുകയായിരുന്നു. പിന്നീട് അവിടെ തന്നെ കവര്‍ച്ച നടത്താന്‍ തെരഞ്ഞെടുക്കുകയും ചെയ്തു. തൊഴിലാളികള്‍ക്ക് ശമ്പളം നല്കാന് കരുതി വെച്ച പണം നഷ്ടപ്പെട്ടത് ശ്രദ്ധയില്‍പ്പെട്ട ഹോട്ടലുടമ വിവരം മെഡിക്കല്‍ കോളേജ് പൊലീസില്‍ പരാതി നല്‍കുകയും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ പ്രതി പിന്‍വാതില്‍ പൊളിച്ച് അകത്ത് കയറുന്നതിന്റെ അവ്യക്തമായ ചിത്രം ലഭിക്കുകയും തുടര്‍ന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലൂടെ പ്രതിയിലേക്ക് എത്തുകയുമായിരുന്നു.