ബഡ്സ് സ്കൂള്‍ കുട്ടികള്‍ക്കുള്ള പഠനോപകരണങ്ങള്‍ വിതരണം ചെയ്യുന്ന ‘ സാന്ത്വനം ‘ പദ്ധതിക്ക് തുടക്കം
കാസര്‍കോട്: കേരള യൂത്ത് പ്രമോഷന് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ എന്‍ഡോസള്‍ഫാന്‍ ബാധിത മേഖലയിലെ ബഡ്സ് സ്കൂളുകളില്‍ നടപ്പിലാക്കുന്ന ‘ സാന്ത്വനം ‘ പദ്ധതിക്ക് എന്മകജെ പഞ്ചായത്തില്‍ തുടക്കമായി. കുട്ടികള്‍ക്ക് ഒരു വര്‍ഷത്തേക്ക് ആവശ്യമായ പഠനോപകരണങ്ങള്‍ ലഭ്യമാക്കുന്ന പദ്ധതിയാണ് സാന്ത്വനം. കഴിഞ്ഞ പത്തു വര്‍ഷമായി കേരള യൂത്ത് പ്രമോഷന് കൗണ്‍സില്‍ പദ്ധതി നടപ്പിലാക്കി വരുന്നുണ്ട്. ട്രൂ മെഡ് ഹെല്‍ത്ത് കെയര്‍ ബേക്കലിന്റെ സഹകരണത്തോടെയാണ് ഈ വര്‍ഷം പദ്ധതി നടപ്പിലാക്കുന്നത്. എന്മകജെ ബഡ്സ് സ്പെഷ്യല്‍ സ്കൂളില്‍ നടന്ന പരിപാടി
എന്മകജെ പഞ്ചായത്ത് പ്രസിഡണ്ട് ജെ.എസ്.സോമശേഖര ഉദ്ഘാടനം ചെയ്തു. കേരള യൂത്ത് പ്രമോഷന് കൗണ്‍സില്‍ ചെയര്മാന് സുമന്‍ജിത്ത് മിഷ അധ്യക്ഷത വഹിച്ചു. കേരള യൂത്ത് പ്രമോഷന് കൗണ്‍സില്‍ അംഗങ്ങളായ ജി.മണിക്കുട്ടന്, സുനില്‍, ശരീഫ് മാടപ്രം, ട്രൂ മെഡ് ഹെല്‍ത്ത് കെയര്‍ പി.ആര്.ഒ നബീല്‍ നാസര്‍ എന്നിവര്‍ സംസാരിച്ചു. കേരള യൂത്ത് പ്രമോഷന് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി അരുണ്‍ ഭാരതീയന് സ്വാഗതവും ബഡ്സ് സ്കൂള്‍ പ്രിന്‍സിപ്പാള്‍ ബി.കെ.മറിയം നന്ദിയും പറഞ്ഞു. ബഡ്സ് സ്കൂള്‍ കുട്ടികള്‍ക്കുള്ള പഠനോപകരണങ്ങള്‍ പരിപാടിയില്‍ വിതരണം ചെയ്തു.