‘കൈക്കൂലി ചോദിച്ചത് 3 ലക്ഷം രൂപ’: കേന്ദ്ര ഉദ്യോഗസ്ഥന് വിജിലന്‍സ് പിടിയില്‍
കല്‍പ്പറ്റ: വയനാട്ടില്‍ കൈക്കൂലി വാങ്ങുന്നതിനിടെ സെന്‍ട്രല്‍ ജിഎസ്ടി എസ്.പി വിജിലന്‍സ് പിടിയില്‍. സെന്‍ട്രല്‍ ടാക്സ് ആന്റ് സെന്‍ട്രല്‍ എക്സൈസ് എസ്.പി പ്രവീന്ദര്‍ സിങ്ങാണ് പിടിയിലായത്. കരാറുകാരനില്‍ നിന്ന് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയായിരുന്നു അറസ്റ്റ്. ഇന്ന് വൈകീട്ട് നാലോടെയാണ് കരാറുകാരന്റെ പരാതിയില്‍ വിജിലന്‍സ് ഡിവൈഎസ്പി സ്ഥലത്തെത്തിയത്. പിഡബ്ല്യുഡി കരാറുകാരനായ ജെയ്സന് ജോയ് എന്ന വ്യക്തിയാണ് പരാതി നല്‍കിയത്. ഇദ്ദേഹത്തോട് ജിഎസ്ടി ഒഴിവാക്കിക്കൊടുക്കാന്‍ മൂന്ന് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ഇത് രണ്ട് തവണയായി കൊടുക്കാമെന്ന് കരാറുകാരന് പറഞ്ഞു. എന്നാല്‍ ഒന്നര ലക്ഷം കൈയില്‍ ഇല്ലാത്തതിനാല്‍ ഒരു ലക്ഷം അടയ്ക്കാമെന്ന് പറയുകയായിരുന്നു. തുടര്‍ന്ന് വിജിലന്‍സിനെ അറിയിക്കുകയും ഇവര്‍ നല്കിയ ഒരു ലക്ഷം രൂപ ഉദ്യോഗസ്ഥന് നല്‍കുകയും ചെയ്തു. ഇതോടെ സമീപത്തുണ്ടായിരുന്ന വിജിലന്‍സ് സംഘം ഉദ്യോഗസ്ഥനെ പിടികൂടുകയായിരുന്നു. തങ്ങള്‍ നല്കിയ നോട്ടുകള്‍ വിജിലന്‍സ് സംഘം ഉദ്യോഗസ്ഥനില്‍ നിന്ന് പിടിച്ചെടുക്കുകയും ചെയ്തു. ആദ്യം പത്തുലക്ഷം രൂപയാണ് ഉദ്യോഗസ്ഥന് ആവശ്യപ്പെട്ടതെന്ന് പരാതിക്കാരന് പറയുന്നു. തുടര്‍ന്ന് വാദപ്രതിവാദത്തിനിടെ അഞ്ച് ലക്ഷമായും അത് മൂന്ന് ലക്ഷമായും കുറയ്ക്കുകയായിരുന്നു. മൂന്ന് ലക്ഷത്തില്‍ ഒരു മാറ്റവും വരില്ലെന്നും ഉദ്യോഗസ്ഥന് കരാറുകാരനോട് പറഞ്ഞിരുന്നു.