ജില്ലയില്‍ മികച്ച വിജയം നേടിയ കുട്ടികളെ ജില്ലാ പഞ്ചായത്ത് അനുമോദിച്ചു; മുന്‍ ധനമന്ത്രി ഡോ.തോമസ് ഐസക് പുരസ്കാര വിതരണം നടത്തി
കാസര്‍കോട്: പത്താം ക്ലാസും, പ്ലസ്ടുവും ഒരു തുടക്കം മാത്രമാണ് ഇനിയുള്ള പരീക്ഷകളിലും ഉന്നത വിജയം കരസ്ഥമാക്കണമെന്നും, പത്തുവര്‍ഷം കഴിഞ്ഞ് ആരാവണമെന്നുള്ളത് ഇന്നേ തീരുമാനിച്ച് അതിനുവേണ്ടിയായിരിക്കണം ഓരോ പരിശ്രമവുമെന്നും മുന്‍ ധനകാര്യ മന്ത്രിയും പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനുമായ ഡോ.ടി.എം.തോമസ് ഐസക് പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ പൊയിനാച്ചി ആശിര്‍വാദ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച എപ്ലസ് മീറ്റും മോട്ടിവേഷന്‍ ക്ലാസും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വപ്നങ്ങള്‍ കാണാന്‍ ഒരിക്കലും ഭയപ്പെടരുത്. വലിയ വലിയ സ്വപ്നങ്ങള്‍ കണ്ട് ആ ലക്ഷ്യത്തിലേക്ക് എത്തിച്ചേരുമ്പോഴാണ് യഥാര്‍ത്ഥ വിജയം ഉണ്ടാവുക. കുട്ടികളുടെ വിജയത്തിന് ഏറ്റവും പ്രധാനം വീട്ടിലെ അന്തരീക്ഷമാണെന്നും ഗവണ്മെന്റ് സ്കൂളുകളില്‍ ഒട്ടേറെ മികവാര്‍ന്ന മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ സര്‍ക്കാരിന് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.ബേബി ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് കരസ്ഥമാക്കിയ സര്‍ക്കാര്‍ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഉപഹാരം നല്കി. എസ്.എസ്.എല്‍.സി പരീക്ഷയില്‍ മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാലയങ്ങളെയും അനുമോദിച്ചു. സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ കാജല്‍ രാജു, ബി.എസ്.സി കെമിസ്ട്രിയില്‍ റാങ്ക് നേടിയ അനാമിക, കായിക പ്രതിഭകളായ അനുപ്രിയ, അഖില, സ്റ്റെന്‍സില്‍ ഡ്രോയിംഗില്‍ ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ് കരസ്ഥമാക്കിയ ടി.മോഹിത് കൃഷ്ണ എന്നിവരെയും അനുമോദിച്ചു. ഇ.ശ്രീധരന് സെന്റര്‍ ഓഫ് എഡ്യൂക്കേഷന്‍ ഡയറക്ടര്‍ മുസ്തഫ, കാജല്‍ രാജു എന്നിവര്‍ മോട്ടിവേഷന്‍ ക്ലാസ് എടുത്തു.
മുന്‍ എം.എല്‍.എ കെ.വി.കുഞ്ഞിരാമന്, ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ബി.സുരേന്ദ്രന്, എസ്.എസ്.കെ ജില്ലാ പ്രോഗ്രാം ഓഫീസര്‍ ബിജുരാജ്, വി.എച്ച്.എസ്.ഇ ജില്ലാ കോര്‍ഡിനേറ്റര്‍ ഉദയകുമാരി, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എ.സൈമ, ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്മാന് ഷിനോജ് ചാക്കോ, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ ജാസ്മിന് കബീര്‍, സി.സജിത്ത്, നാരായണ നായിക് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍ സ്വാഗതവും ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശൈലജ ഭട്ട് നന്ദിയും പറഞ്ഞു.