വായനാപക്ഷാചരണം; ജില്ലാതല സംഘാടക സമിതി രൂപീകരിച്ചു
കാസര്‍കോട്: വായനാ പക്ഷാചരണത്തോടനുബന്ധിച്ച് ജില്ലാതല സംഘാടക സമിതി രൂപീകരിച്ചു. ജില്ലാ കളക്ടര്‍ ചെയര്‍മാനും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കണ്‍വീനറുമായുള്ള സംഘാടക സമിതി ജൂണ്‍ 19ന് രാവിലെ 10.30ന് തന്ബീഹുല് ഇസ്ലാം ഹയര്‍സെക്കണ്ടറി സ്കൂളില്‍ വായനാപക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നടത്താന്‍ തീരുമാനിച്ചു. വായനാപക്ഷാചരണത്തിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പും സാക്ഷരതാമിഷനും കുടുംബശ്രീയും ചേര്‍ന്ന് തദ്ദേശ സ്ഥാപനങ്ങളില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് മത്സരങ്ങള്‍ സംഘടിപ്പിക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഭരണഭാഷ സംബന്ധിച്ച് ഏകദിന ശില്പശാല നടത്തും. യുവജനക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ കഥാരചനാമത്സരം നടത്തും. ജില്ലാ ലൈബ്രറി കൗണ്‍സില്‍ രണ്ട് ആഴ്ച നീണ്ടു നില്ക്കുന്ന പരിപാടികള്‍ സംഘടിപ്പിക്കും. വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ വിദ്യാലയങ്ങളില്‍ പരിപാടികളും മത്സരങ്ങളും സംഘടിപ്പിക്കും. തദ്ദേശ സ്വയംഭരണ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, കുടുംബശ്രീ മിഷന്, സാക്ഷരതാ മിഷന്, യുവജന ക്ഷേമ ബോര്‍ഡ്, നാഷണല്‍ സര്‍വ്വീസ് സ്കീം, ജില്ലാ ലൈബ്രറി കൗണ്‍സില്‍, പി എന്‍ പണിക്കര്‍ ഫൗണ്ടേഷന് പ്രതിനിധികള്‍ അംഗങ്ങളുമായാണ് സംഘാടക സമിതി രൂപീകരിച്ചത്.
എ.ഡി.എം കെ.നവീന്‍ ബാബുവിന്റെ അധ്യക്ഷതയില്‍ എ.ഡി.എം ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ബി.എന്‍.സുരേഷ്, യൂത്ത് പ്രോഗ്രാം കോ-ഓഡിനേറ്റര്‍ പി.സി.ഷിലാസ്, ജില്ലാ സാക്ഷരതാ കോ-ഓഡിനേറ്റര്‍ പി.എന്‍.ബാബു, ഡി.ഡി.ഇ ഓഫീസ് ജൂനിയര്‍ സൂപ്രണ്ട് കെ.ഉഷാ ദേവി, കുടുംബശ്രീ പ്രതിനിധി കെ.പ്രീത, പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന് ഭാരവാഹികളായ പ്രൊഫസര്‍ കെ.പി.ജയരാജന്, സെക്രട്ടറി സി.സുകുമാരന്‍, കെ.വി.രാഘവന്, കാവുങ്കാല്‍ നാരായണന്, പി.ആര്.ഡി പ്രതിനിധികളായ കെ.പ്രസീത, ടി.കെ.കൃഷ്ണന്, കെ.ദീക്ഷിത തുടങ്ങിയവര്‍ പങ്കെടുത്തു. യോഗത്തില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന് സ്വാഗതവും അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എ.പി.ദില്‍ന നന്ദിയും പറഞ്ഞു.