സുനാമി കോളനി സന്ദര്‍ശിച്ച് എം.എല്‍.എയും ജില്ലാ കളക്ടറും; പ്രശ്ന പരിഹാരത്തിന് നിര്‍ദ്ദേശം
കാസര്‍കോട്: ശോചനീയാവസ്ഥയിലുള്ള കാഞ്ഞങ്ങാട് നഗരസഭ പുഞ്ചാവി കടപ്പുറത്ത് ക്ലൈക്കോന് ദേവാലയത്തിനോടു ചേര്‍ന്നുള്ള സുനാമി കോളനി ഇ.ചന്ദ്രശേഖരന് എം.എല്‍.എയും ജനപ്രതിനിധികളും ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖറും സന്ദര്‍ശിച്ചു. കാഞ്ഞങ്ങാട് നഗരസഭ അധ്യക്ഷ കെ.വി.സുജാത, സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.അനീശന്‍, കെ.വി.മായാകുമാരി എന്നിവരും ഒപ്പമുണ്ടായിരുന്നു. സുനാമി കോളനിയിലെ പ്രശ്നങ്ങള്‍ സംഘം നേരിട്ട് വിലയിരുത്തി. പി.വി.കുമാരന്റെയും കെ.കെ.ഷൈലയുടെയും മകള്‍ ഷൈജ ചോര്‍ന്നൊലിക്കുന്ന വീടിന്റെ പരിതാപകരമായ അവസ്ഥയെക്കുറിച്ച് ജനപ്രതിനിധികളോടും കളക്ടറോടും വിവരിച്ചു. 44 വീടുകളാണ് സുനാമി കോളനിയില്‍ ഉള്ളത്. കുടിവെള്ള പ്രശ്നം, കാലവര്‍ഷത്തില്‍ വെള്ളക്കെട്ട് മൂലമുള്ള പ്രയാസം തുടങ്ങിയവയും സുനാമി കോളനി നിവാസികള്‍ അധികൃതരെ ധരിപ്പിച്ചു. മത്സ്യബന്ധന വകുപ്പ് മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തില്‍ നടന്ന തീര സദസില്‍ വാര്‍ഡ് കൗണ്‍സിലര്‍ സുനാമി കോളനിയിലെ പ്രശ്നങ്ങള്‍ അറിയിച്ചിരുന്നു. കോളനിയിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നഗരസഭാ അധ്യക്ഷയുടെ നേതൃത്വത്തില്‍ യോഗവും ചേര്‍ന്നിരുന്നു. കുടിവെള്ളത്തിന്റെ പ്രശ്നത്തില്‍ കിണറിലെ വെള്ളം നേരിട്ട് ഉപയോഗിക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ ശുദ്ധീകരണത്തിന് സംവിധാനമൊരുക്കാന്‍ നഗരസഭ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് നഗരസഭാധ്യക്ഷ പറഞ്ഞു. ചോര്‍ച്ച തടയാന്‍ സംവിധാനമൊരുക്കുമെന്ന് എം.എല്‍.എ അറിയിച്ചു. അടിയന്തരമായി താത്കാലിക സംവിധാനം ഒരുക്കാന്‍ കളക്ടര്‍ നിര്‍ദ്ദേശം നല്കി.