കാസര്‍കോട് വികസന പാക്കേജില്‍ എം.എല്‍.എമാരുടെ യോഗം ചേര്‍ന്നു;ശുദ്ധജലം ലഭ്യമാക്കാന്‍ മുന്‍ഗണന
കാസര്‍കോട് :നടപ്പു സാമ്പത്തിക വര്‍ഷം കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കേണ്ട വികസന പദ്ധതികളുടെ രൂപരേഖ തയ്യാറാക്കുന്നതിനും രണ്ടാഴ്ച്ചയ്ക്കകം യോഗം ചേരുന്നതിന് തീരുമാനിച്ചു. കാസര്‍കോട് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന എം.എല്‍.എമാരുടെയും ജില്ലാതല ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം. ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ അധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ എ.കെ.എം.അഷ്റഫ്, എന്‍.എ.നെല്ലിക്കുന്ന്, അഡ്വ.സി.എച്ച്.കുഞ്ഞമ്പു. ഇ.ചന്ദ്രശേഖരന്, എം.രാജഗോപാലന്‍, ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡണ്ട് ഷാനവാസ് പാദൂര്‍, കാസര്‍കോട് വികസന പാക്കേജ് മുന്‍ സ്പെഷ്യല്‍ ഓഫീസര്‍ ഇ.പി.രാജ്മോഹന്‍, ഫിനാന്‍സ് ഓഫീസര്‍ എം.ശിവപ്രകാശന്‍ നായര്‍, വിവിധ വകുപ്പുകളുടെ ജില്ലാതല നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു. കാസര്‍കോട് വികസന പാക്കേജ് ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതിനുള്ള സമിതിയില്‍ എം.എല്‍.എമാരെ ഉള്‍പ്പെടുത്തിയ സര്‍ക്കാര്‍ ഉത്തരവിന് ശേഷം നടന്ന ആദ്യയോഗമാണിത്. ഒരാഴ്ചയ്ക്കകം എം.എല്‍.എമാരുടെ വികസന നിര്‍ദ്ദേശങ്ങള്‍ കൂടി സ്വീകരിച്ച് നടപ്പ് വര്‍ഷത്തെ പദ്ധതിക്ക് അന്തിമ രൂപം നല്‍കും. കുടിവെള്ള ക്ഷാമം രൂക്ഷമായ തീരദേശങ്ങളിലും മലയോരത്തും ശുദ്ധജലം എത്തിക്കുന്നതിനുള്ള പദ്ധതികള്‍ക്ക് പരിഗണന നല്‍കും. വിനോദ സഞ്ചാര വികസനത്തിനും വ്യവസായ വികസനത്തിനും തൊഴിലില്ലായ്മ പരിഹിരിക്കുന്നതിനും പ്രാധാന്യം നല്കുന്ന പദ്ധതികള്‍ക്ക് രൂപം നല്‍കും. കാസര്‍കോട് വികസന പാക്കേജ് നിലവില്‍ വന്നിട്ട് 10 വര്‍ഷം പൂര്‍ത്തീകരിക്കുന്ന സാഹചര്യത്തില്‍ പാക്കേജിന്റെ പുരോഗതിയില്‍ നേട്ടങ്ങളും കോട്ടങ്ങളും വിലയിരുത്തുന്നതിനും നടപടി സ്വീകരിക്കും. മറ്റു വകുപ്പുകളുടെ പ്ലാന്‍ ഫണ്ടുകള്‍ ലഭ്യമല്ലാത്ത അടിയന്തിര പ്രധാന്യമുള്ള പദ്ധതികള്‍ നടപ്പിലാക്കുന്നതിന് കാസര്‍കോട് വികസന പാക്കേജ് മുന്‍ഗണന നല്‍കുന്നതിനും തീരുമാനിച്ചു.