വീടിനുള്ളിൽ കണ്ടെത്തിയത് 8 അടിയുള്ള പെരുമ്പാമ്പ്; പേടിച്ചരണ്ട് വീട്ടുകാര്‍
കാലാവസ്ഥാ വ്യതിയാനത്തിന് പിന്നാലെ ലോകമെമ്പാടുമുള്ള മനുഷ്യന് നേരിടുന്ന മറ്റൊരു പ്രശ്നമാണ് കാട്ട് വിട്ടിറങ്ങുന്ന വന്യമൃഗങ്ങള്‍. ഇന്ത്യയിലെന്നത് പോലെ ലോകമെങ്ങും ഇത്തരത്തിലുള്ള വന്യജീവി സംഘര്‍ഷങ്ങള്‍ ഇന്ന് നിരവധിയാണ്. കഴിഞ്ഞ ദിവസം ഓസ്ട്രേലിയയില്‍ നിന്നും വീട്ടിനുള്ളില്‍ കയറിയ ഒരു പെരുമ്പാമ്പിനെ പിടികൂടിയിരുന്നു. ക്വീൻസ്ലാൻഡിലെ താമസക്കാരായ ദമ്പതികളുടെ വീടിന്റെ ഹാളിനോട് ചേർന്നുള്ള ഇടനാഴിയില്‍ നിന്ന് 8 അടി വലിപ്പമുള്ള പെരുമ്പാമ്പിനെയാണ് കണ്ടെത്തിയത്.
ഭീമാകാരനായ പാമ്പിനെ കണ്ട് ഭയന്നുപോയ ദമ്പതികൾ ഉടൻ തന്നെ ഔദ്യോഗിക പാമ്പ് പിടുത്തക്കാരുടെ സഹായം തേടുകയായിരുന്നു. തങ്ങൾ കണ്ട സമയം മുതൽ പാമ്പ് പിടുത്തക്കാർ വീട്ടിലെത്തും വരെ പെരുമ്പാമ്പ് കിടന്നിരുന്ന സ്ഥലത്ത് നിന്ന് ഒരല്പം പോലും നീങ്ങിയില്ലെന്നാണ് വീട്ടുകാർ പിന്നീട് പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞത്. പാമ്പുപിടുത്തക്കാർ എത്തുന്നതിന് മുൻപായി അത് തങ്ങളെ ആക്രമിക്കുമോയെന്ന് ഭയപ്പെട്ടിരുന്നെങ്കിലും യാതൊരു വിധത്തിലുള്ള പ്രകോപനവും പാമ്പിന്റെ ഭാഗത്തുനിന്നും ഉണ്ടായില്ലെന്നും അത് വളരെ ശാന്തനായി കാണപ്പെട്ടെന്നും അവർ കൂട്ടിച്ചേര്‍ത്തു.