സോഫ്റ്റ്വെയർ എഞ്ചിനീയറായ യുവതി മരിച്ചനിലയിൽ; മരണകാരണം ഭർതൃവീട്ടിൽ നിന്നുള്ള പീഡനമെന്ന് ആരോപണവുമായി കുടുംബം
കണ്ണൂർ: സോഫ്റ്റ്വെയർ എഞ്ചിനീയറായ യുവതിയെ ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. പിണറായി സ്വദേശിനിയായ മേഘ മനോഹരൻ (24) ആണ് മരിച്ചത്. ശനിയാഴ്ച അർദ്ധരാത്രിയിൽ നാലാംമൈൽ അയ്യപ്പമഠത്തിന് സമീപം ഭർതൃവീട്ടിൽ തൂങ്ങിയ നിലയിൽ കണ്ട മേഘയെ വേഗം തലശ്ശേരി ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
കണ്ണൂരിൽ ഒരു പിറന്നാളാഘോഷത്തിൽ പങ്കെടുത്ത് മേഘ മടങ്ങിവന്നതിന് പിന്നാലെയാണ് സംഭവം. കതിരൂരിൽ ഫിറ്റ്നസ് ട്രെയിനറായ സച്ചിന്റെ ഭാര്യയാണ് മേഘ.പടന്നക്കര വി.ഒ.പി മുക്കിന് സമീപം സൗപർണികയിൽ ടി.മനോഹരന്റെയും രാജവല്ലിയുടെയും മകളാണ്. ഏപ്രിൽ രണ്ടിനായിരുന്നു സച്ചിനുമായുള്ള വിവാഹം. ഭർതൃവീട്ടിലെ പീഡനമാണ് മരണകാരണമെന്നും ശരീരത്തിൽ മർദ്ദനമേറ്റ പാടുകളുണ്ടെന്നും ബന്ധുക്കൾ ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി കതിരൂർ പൊലീസിൽ ഇവർ പരാതി നൽകി. വിശദമായ അന്വേഷണമാണ് ബന്ധുക്കൾ ആവശ്യപ്പെട്ടത്. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്.