ഏഷ്യന്‍ ഗെയിംസില്‍ നിന്ന് വിട്ടുനില്‍ക്കും; കടുത്ത മുന്നറിയിപ്പുകളുമായി ഗുസ്തി താരങ്ങള്‍
ഡല്‍ഹി: ലൈംഗിക പീഡന കേസില്‍ ഗുസ്തി ഫെഡറേഷന് പ്രസിഡന്റും ബിജെപി എംപിയുമായി ബ്രിജ് ഭൂഷന് സിംഗിനെതിരായ പ്രതിഷേധം കടുപ്പിക്കാന്‍ ഗുസ്തി താരങ്ങള്‍. പ്രശ്നത്തിന് പരിഹാരമായാല്‍ മാത്രമേ ഏഷ്യന്‍ ഗെയിംഗില്‍ മത്സരിക്കൂ എന്ന് സൂപ്പര്‍ താരം സാക്ഷി മാലിക് വ്യക്തമാക്കി. കടുത്ത മാനസിക സമ്മര്‍ദത്തിലൂടെയാണ് കടന്നുപോകുന്നത് എന്ന് സാക്ഷി കൂട്ടിച്ചേര്‍ത്തു. ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ വീണ്ടും സമരം ആരംഭിക്കുമെന്ന് ബജ്റംഗ് പൂനിയ മുന്നറിയിപ്പ് നല്കി. സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചകളെ കുറിച്ച് വിശദീകരിക്കാനും തുടര്‍ സമര പരിപാടികളെ കുറിച്ച് തീരുമാനിക്കാനും താരങ്ങള്‍ ഹരിയാനയില്‍ മഹാപഞ്ചായത്ത് വിളിച്ചിട്ടുണ്ട്
കഴിഞ്ഞ ജനുവരി 18നാണ് ഗുസ്തി ഫെഡറേഷന് അധ്യക്ഷന്‍ ബ്രിജ് ഭൂഷനെതിരെ ലൈംഗിക ആരോപണവുമായി താരങ്ങള്‍ രംഗത്തെത്തിയത്. ഫെഡറേഷന് പിരിച്ചുവിടണമെന്നും ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യണമെന്നുമുള്ള ആവശ്യങ്ങളായിരുന്നു താരങ്ങള്‍ ഉയര്‍ത്തിയത്. മൂന്ന് ദിവസം നീണ്ടുനിന്ന സമരത്തിനൊടുവില്‍ താരങ്ങളുടെ പരാതി അന്വേഷിക്കാന്‍ കായിക മന്ത്രാലയം പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. മേരി കോം അധ്യക്ഷയായ ആറംഗസമിതിയാണ് ഇവരുടെ പരാതികള്‍ അന്വേഷിക്കുന്നത്. വിഷയത്തില്‍ പൊലീസില്‍ പരാതി നല്‍കിയിട്ടും തുടര്‍ നടപടികള്‍ ഉണ്ടാവാതെ വന്നതോടെ താരങ്ങള്‍ വീണ്ടും പ്രതിഷേധവുമായി ഇറങ്ങുകയായിരുന്നു. താരങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് കോടതി നിര്‍ദേശത്താലാണ് പരാതിയിന്മേല് കേസ് എടുക്കാന്‍ ദില്ലി പൊലീസ് തയ്യാറായത്.