കാസർകോട് സ്വദേശിയായ പ്രമുഖ യുവവ്യവസായിക്ക് ജാമ്യം
ഗോവ: പണിമിടപാടുമായി ബന്ധപ്പെട്ട കേസില്‍ ഗോവ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത യുവവ്യവസായി ചെര്‍ക്കളയിലെ ഹഫിസ് കുദ്രോളിക്ക് ജാമ്യം. ഗോവ പോലീസ് അറസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കുള്ളിലാണ് ഗോവ പോണ്ട ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്.
ഇന്‍കം ടാക്സ് ചീഫ് കമ്മീഷണറുടെ വ്യാജ ലെറ്റര്‍ പാഡ് തയ്യാറാക്കി പണം തട്ടിയെന്ന ആരോപണത്തെ തുടര്‍ന്നാണ് ഹഫിസിനെ ഗോവ പൊലീസ് അറസ്റ്റ് ചെയ്തത്. ആലുവ സ്വദേശിയായ അബ്ദുല്‍ ലാഹിറില്‍ നിന്നാണ് പലപ്പോഴായി കോടികള്‍ തട്ടിയെന്നാണ് ആരോപണം.
വ്യാഴാഴ്ച രാവിലെ മഫ്തിയിലെത്തിയ ഗോവ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ബെംഗ്ളൂറില്‍ നിന്ന് ഹഫീസിനെ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോയത്. ഹഫീസിനെ കര്‍ണാടകയില്‍ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്യാന്‍ കഴിയാത്തത് കൊണ്ടാണ് ഗോവയില്‍ പരാതി നല്കി ഭാര്യാവീട്ടുകാര്‍ കേസില്‍ അകപ്പെടുത്തിയതെന്ന് ഹഫീസിന്റെ ബന്ധുക്കള്‍ ആരോപിച്ചു. കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്ന കേസായത് കൊണ്ടാണ് കര്‍ണാടകയില്‍ പൊലീസ് പരാതി തള്ളിയതെന്നും ബന്ധുക്കള്‍ വെളിപ്പെടുത്തി.
യുഎഇയില്‍ സ്കൂളുകളും കണ്‍സ്ട്രക്ഷന്‍ ബിസിനസും നടത്തുന്ന ആലുവ സ്വദേശിയായ അബ്ദുല്‍ ലാഹിറില്‍ നിന്ന് 2018 ജൂലൈയ്ക്കും 2022 മാര്ചിനും ഇടയില്‍ ഹഫീസ് 107,98,85,909 രൂപ തട്ടിയെടുത്തെന്നാണ് കേരളത്തിലെ കേസ്. ഗോവയിലെ ആദായനികുതിവകുപ്പ് ചീഫ് കമീഷണറുടെ വ്യാജകത്ത് തയ്യാറാക്കി പണം തട്ടിയെന്ന പരാതിയിലാണ് ബെംഗ്ളൂറില്‍ നിന്ന് ഹഫീസിനെ അറസ്റ്റ് ചെയ്ത് ഗോവയിലെത്തിച്ചത്.
ഗോവ ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടര്‍ നരൈന് ചിമുല്‍കര്‍ ആണ് കേസ് അന്വേഷിക്കുന്നത്.