നിയന്ത്രണം വിട്ട ബസ് എതിർ ദിശയിലുള്ള മരത്തിലിടിച്ച് അപകടം; 11 പേർക്ക് പരുക്ക്
കോഴിക്കോട്∙ കോഴിക്കോട് കോട്ടുളിയിൽ നിയന്ത്രണം വിട്ട ബസ് മരത്തിലിടിച്ചു 11 പേർക്ക് പരുക്ക്. താമരശ്ശേരി – കോഴിക്കോട് റൂട്ടിലോടുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. മഴ പെയ്ത് നനഞ്ഞുകിടക്കുന്ന റോഡിലൂടെ വരുന്ന ബസ് നിയന്ത്രണം തെറ്റി എതിർ ദിശയിലുള്ള മരത്തിൽ ഇടിച്ചുകയറി സമീപത്ത് ബസ് കാത്തുനിൽക്കുന്ന വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ ഭയന്ന് ഓടുന്നതും കാണാം.
കോഴിക്കോട് കോട്ടുളിയിൽ ഇന്നു രാവിലെ എട്ടു മണിയോടെയാണ് അപകടം സംഭവിച്ചത്. കോഴിക്കോട് – താമരശേറി റൂട്ടിലോടുന്ന സിൻഡിക്കേറ്റ് എന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. സ്ഥലത്തുണ്ടായിരുന്ന നാട്ടുകാരും ഓട്ടോ ഡ്രൈവർമാർ ഉൾപ്പെടെയുള്ളവരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പൊലീസും ഉടൻതന്നെ സ്ഥലത്തെത്തി.
അപകടത്തിൽ പരുക്കേറ്റവരുടെ നില ഗുരുതരമല്ലെന്നാണ് വിവരം. എല്ലാവരെയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.