സ്കൂൾ വിദ്യാർത്ഥികൾക്കും കടപ്പുറത്തും മയക്കുമരുന്ന് വിൽപന; യുവ ദുരന്തത്തെ പൊലീസ് ഓടിച്ചിട്ട് പിടികൂടി
കുമ്പള: കുമ്പളയുടെ തീരപ്രദേശങ്ങളിൽ കഞ്ചാവ് എത്തിച്ച് യുവാക്കൾക്കും സ്കൂൾ വിദ്യാർത്ഥികൾക്കും വിതരണം ചെയ്യുന്ന പ്രധാന വിൽപനക്കാരനെ പൊലീസ് ഓടിച്ചിട്ട് പിടികൂടി. കുമ്പള കോയിപ്പാടിയിലെ സാദിഖ് (32) നെയാണ് കുമ്പള എസ് ഐ വികെ അനീഷും സംഘവും പിടികൂടിയത്.
കുമ്പള കടപ്പുറം ഭാഗത്തേക്ക് മയക്കുമരുന്ന് കൊണ്ടുപോകുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് യുവാവിനെ പിടികൂടാൻ ശ്രമിച്ചപ്പോൾ ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് പൊലീസ് സാഹസികമായി യുവാവിനെ ഓടിച്ചിട്ട് കീഴ്പ്പെടുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളിൽ നിന്ന് ഒന്നര ഗ്രാം എംഡിഎംഎ മയക്കുമരുന്ന് പിടികൂടി.
ഈ പ്രദേശത്തെ സ്ഥിരം വിൽപനക്കാരനായ സ്വാദിഖിനെ പൊലീസ് നിരീക്ഷിച്ച് വരികയായിരുന്നു. വ്യാഴാഴ്ച വൈകീട്ട് ആറര മണിയോടെയാണ് യുവാവിനെ പിടികൂടിയത്. വെള്ളിയാഴ്ച ഉച്ചയോടെ കാസർകോട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുമെന്ന് എസ്ഐ അനീഷ് പറഞ്ഞു.