52 കുടുംബങ്ങളെ പുനരധിവാസിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു: മന്ത്രി സജി ചെറിയാന്
കാസര്‍കോട്;പള്ളിക്കര മിഷന് കോളനിയിലെ 52 കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുവെന്ന് മത്സ്യബന്ധന സാംസ്കാരിക യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാന് പറഞ്ഞു.സാഗര്‍ പരിക്രമ യാത്രയുടെ ഭാഗമായി പള്ളിക്കര മിഷന് കോളനി സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കോളനിക്ക് സമീപം വാസയോഗ്യമായ 50 സെന്റ് സ്ഥലം ഏറ്റെടുത്ത് ഫ്ളാറ്റ് സമുച്ചയം നിര്‍മ്മിച്ചു നല്‍കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇതിനായി സ്ഥലം ഏറ്റെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്. സ്ഥലം ലഭ്യമായാല്‍ ഉടന്‍ പദ്ധതി ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി കേന്ദ്രമന്ത്രിയുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരുമെന്നും ആവശ്യമായ സഹായം ഉറപ്പുവരുത്തുമെന്നും ദേശീയ മത്സ്യ വികസന ബോര്‍ഡ് ചീഫ് എക്സിക്യുട്ടീവ് ഡോ സി. സുവര്‍ണ പറഞ്ഞു. രാജ്മോഹന്‍ ഉണ്ണിത്താന് എംപി,എം രാജഗോപാലന്‍ എംഎല്‍എ, ജില്ലാ കളക്ടര്‍ കെ ഇമ്പശേഖര്‍, പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം കുമാരന്, മെമ്പര്‍ കെ അബ്ദുള്ള തുടങ്ങിയരും കോളനി സന്ദര്‍ശിച്ചു. സാഗര്‍ പരിക്രമ യാത്രയുടെ ഭാഗമായി കേന്ദ്ര ഫിഷറീസ് ,മൃഗസംരക്ഷണ, ക്ഷീര വികസന വകുപ്പ് മന്ത്രി പര്‍ഷോത്തം രൂപാല കോളനി സന്ദര്‍ശിക്കുമെന്ന് അറിയിച്ചെങ്കിലും സാങ്കേതിക കാരണങ്ങളാല്മന്ത്രിക്ക് എത്തിച്ചേരാന്‍ കഴിഞ്ഞില്ല .